പൊന്നോണമാവണമെന്നില്ല ആര്യനാട്ടില്‍ പൂവിളിയുയരാന്‍. ആണ്ടൊട്ടുക്കും അന്യനാടുകളില്‍ പൂവിളയിക്കുന്നതില്‍ തിരുവനന്തപുരത്തെ ആര്യനാടെന്ന ഈ കൊച്ച് ഗ്രാമത്തിന്റെ പങ്ക് ചെറുതല്ല. പൂച്ചെടി വളര്‍ത്തല്‍ കുടില്‍വ്യവസായം പോലെയാണിവിടെ. ആയിരം കവര്‍ ചെടിയെങ്കിലും കൃഷി ചെയ്യാത്ത ഒറ്റ വീടുമില്ല. പള്ളിവേട്ട, പറങ്ങോട്, പേഴുംമൂട് തുടങ്ങിയ വാര്‍ഡുകളില്‍ 110ലധികം ചെടി നഴ്സറികള്‍ നിലവിലുണ്ട്. സ്ത്രീകളുള്‍പ്പെടെ 1250ലേറെ പേര് ഇവിടെ ജോലി ചെയ്യുന്നു.
മിത്രനികേതന്, സെയില്‍വ്യൂ, സേവാനികേതന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ വരവോടെയാണ് ആര്യനാടിനെ ചെടി നഴ്സറികളുടെ നാട് എന്ന അപരനാമത്തിലറിയാന്‍ ഇടയാക്കിയത്. ഈ സ്ഥാപനങ്ങളില്‍നിന്നും നഴ്സറി മാനേജ്മെന്റ് പഠിച്ച് പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ ഫറൂക്ക്, സലിം, ബാബു എന്നിവരാണ് തുടക്കക്കാര്‍. 1981 ല്‍ മൂന്ന് ചെറിയ നഴ്സറികളുമായുള്ള തുടക്കം ഇപ്പോള്‍ 110ലേറെയായി. ആര്യനാട് ഗ്രാമത്തിലെ വയലുകള്‍, പനവര്‍ഗ ചെടിയായ റെഡ്പാമും മറ്റ് അലങ്കാര സസ്യങ്ങളും കയ്യടക്കി.
ഗ്രാമത്തിലെ ചെറുകിടക്കാരും വനിതാസംഘങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന തൈകള്‍ ഓരോ വാര്‍ഡിലെയും മൊത്ത കച്ചവടക്കാര്‍ക്ക് നല്‍കും. അവര്‍ ബാംഗ്ലൂര്‍, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നു. ഇടപാടുകളെല്ലാം ന്യായവില ഉറപ്പാക്കിയതിനാല്‍ ലാഭനഷ്ടങ്ങളുടെ പേരില്‍ തര്‍ക്കങ്ങളില്ല. ഉല്‍പ്പാദനവും വിതരണവും വിപണനവും വ്യത്യസ്ത കൈകളിലൂടെയായതിനാല്‍ ഓരോരുത്തരും ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നു. അനുഭവപരിചയം കാല് നൂറ്റാണ്ട് പിന്നിട്ടതിനാല്‍ പലരും ഈ രംഗത്ത് ഉറച്ചുനില്‍ക്കുന്നവരാണ്.
റിബണ്‍ ഗ്രാസ്, പെന്റാനസ്, കൊളോറോമ, പെക്ട്ര എന്നിവയോടാണ് അന്യസംസ്ഥാനക്കാര്‍ക്ക് ഏറെ പ്രിയമെന്ന് വഞ്ചിപേട്ടയിലെ ചെടി നഴ്സറി ഉടമയായ ഫറൂക്ക് പറയുന്നു. ആര്യനാട് വില്ലേജിലെ ഭൂവിസ്തൃതിയില്‍ ഭൂരിഭാഗവും ചെടികൃഷിക്കാണ് കര്‍ഷകര്‍ മാറ്റിവച്ചിട്ടുള്ളത്. അയല്‍ ഗ്രാമങ്ങളില്‍ വന്‍തോതില്‍ റബര്‍ കൃഷിയുള്ളപ്പോള്‍ ഇവിടം വിത്ത് ചെടികളുടെ വിളഭൂമിയാക്കി മാറ്റിയിരിക്കുന്നു. മൂന്ന് സെന്റ് മുതല്‍ ആറ് ഏക്കര്‍ വരെ വിസ്തൃതിയിലുള്ള ചെടി നഴ്സറികള്‍ ഇവിടെ ധാരാളമുണ്ട്. മറ്റ് വിളകളുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യപ്രയത്നവും നഷ്ടസാധ്യതയും കുറവാണെന്ന് പറങ്ങോട് ചെടി നഴ്സറി ഉടമ സലിം പറഞ്ഞു.
വരുമാനക്കാര്യത്തിലും ഒട്ടും പിറകിലല്ല. ആവശ്യത്തിന് ഭൂമി ന്യായവിലയ്ക്ക് പാട്ടത്തിന് ലഭിച്ചാല്‍ നൂറുകണക്കിന് യുവതീ-യുവാക്കള്‍ ഈ രംഗത്ത് കടന്നുവരാന്‍ കാത്തിരിക്കുകയാണെന്ന് ചെടി നഴ്സറി ഉടമയും മൊത്തക്കച്ചവടക്കാരനുമായ പറങ്ങോട് ബാബു വെളിപ്പെടുത്തി. തൊഴില്‍ തേടി പരക്കം പായുന്ന യുവതീ യുവാക്കള്‍ ആര്യനാട്ടിലില്ല. ഇവിടുത്തെ ചെടി നഴ്സറികളില്‍ എത്തുന്ന തൊഴില്‍രഹിതമായ കൃഷി സ്നേഹികള്‍ക്ക് നഴ്സറി മാനേജ്മെന്റിന്റെ ബാലപാഠങ്ങള്‍ സൗജന്യമായി പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് പല നഴ്സറി ഉടമകളും പറഞ്ഞു.
-അനുജ.ജി.കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: