ക്രിസ്തുമസ് ആഘോഷം കഴിഞ്ഞു. ഇനി പുതുവര്‍ഷത്തെ എതിരേല്ക്കാനുള്ള ആവേശത്തിരക്ക്. ഇത്തവണ ക്രിസ്തുമസിന് ഒട്ടേറെ പ്രത്യേകതകളുണ്ടായി എന്നു തന്നെയാണ് വിശ്വാസം. സര്‍വസാധാരണമായി കാണാറുള്ള ആര്‍ഭാട ആഘോഷങ്ങള്‍ ഇത്തവണ ക്രിസ്തുമസിന് നമ്മുടെ നാട്ടില്‍ കുറവായിരുന്നു.
അനാവശ്യമായ ധൂര്ത്തുകൊണ്ടുള്ള അര്മാദിക്കല് ഇത്തവണ ആഘോഷങ്ങളുടെ പേരില്‍ ഉണ്ടായില്ലെന്നതാണ് വാസ്തവം. കേക്ക്, മാംസ, നക്ഷത്ര വിപണികള്‍ സ്വാഭാവികമായും ഊര്‍ജസ്വലമായിരുന്നു.എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ സ്വര്‍ണ്ണ, വസ്ത്ര വ്യാപാര രംഗം ഇത്തവണ കൊഴുത്തില്ല. അങ്ങനെ കൊഴുക്കാത്ത ചില മേഖലകളെങ്കിലും ഉണ്ടായി. ധൂര്‍ത്തിന്റെ ഒഴുക്കില്‍ ഒഴുകിപ്പോകാതിരിക്കാന്‍ ഇത്തവണ ജനം ശ്രദ്ധിച്ചു. ജീവിതത്തിനു അത്യാവശ്യം മതി, അതിരു കവിഞ്ഞു വേണ്ട എന്നു പഠിപ്പിക്കാന്‍ രൂപാന്തരത്തിനു കഴിഞ്ഞു.
ആഹ്ളാദങ്ങളെല്ലാം ആഡംഭരമല്ല. മനസിന്റെ സന്തോഷമാണ് യഥാര്‍ഥ ആഹ്ളാദം. അതിന് വന്‍കിട ആഘാഷത്തിന്റെ ഉത്തേജകം ആവശ്യമില്ല. പരസ്പരസ്നേഹവും സഹകരണവും പകരുന്നതില്‍ നിന്നുമാണ് മാനസികമായ സന്തോഷം ലഭിക്കുന്നത്. ഇത്തവണ മദ്യരഹിതമായിരിക്കണം ക്രിസ്തുമസ് എന്ന് സഭാനേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. എത്രത്തോളം അതു പാലിക്കപ്പെട്ടെന്ന് അറിഞ്ഞുകൂടാ. ജനിച്ചാലും മരിച്ചാലും ദുരന്തമുണ്ടായാലും മദ്യത്തിന്റെ ഇടപെടല്‍ ഒഴിച്ചുകൂടാനാവാത്തതാണ് ചിലര്‍ക്കെങ്കിലും. അതിനൊക്കെ അല്പം മാറ്റം വന്നാല്‍ തന്നെയും വലിയൊരാശ്വാസമാണ്.
ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ മദ്യപാന ലഹരിയിലുണ്ടാകുന്ന പ്രശ്നങ്ങളൊന്നും ഇത്തവണ ഉണ്ടായില്ല.ആഡംബരത്തില്‍ മദ്യംകൂടി ചേര്‍ക്കുമ്പോള്‍ ഇരയാകുന്ന ആഘോഷങ്ങള്‍ നമുക്ക് അനുഭവമാണ്. ആഘോഷം സമാധാനമായിരുന്നുവെന്നു പറയുന്നതിനു തന്നെ ഭാഗ്യം ചെയ്യണം നമ്മുടെ നാട്ടില്‍ അത്തരം സമാധാന ഭാഗ്യം ഇത്തവണയുണ്ടായി. ക്രിസ്തുമസ് പ്രശ്നങ്ങളുടെ ആഘോഷമെന്നല്ല, പക്ഷേ മദ്യത്തിലുള്ള ഏത് ആഘോഷവും പ്രശ്നങ്ങളുണ്ടാക്കും എന്നതും സത്യമാണ്. പുതുവത്സരാഘോഷവും ഇത്തരം സമാധാനത്തിന്റെ ഉത്സവമാകാന്‍ ആഗ്രഹിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: