തൈപൊങ്കല്‍ അടുത്തതോടെ ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിപ്പോര് സംഘങ്ങള്‍ സജീവമാകുന്നു. വേലന്താവളം, ബാപ്പുജിനഗര്‍, ആട്ടയാമ്പതി, ചരളിപ്പതി, ഒഴലപ്പതി, നെടുമ്പാറ, മുത്തുസ്വാമി, പുതൂര്‍ ഉള്‍പ്പെടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജനവാസമില്ലാത്ത പറമ്പുകളിലും സ്വകാര്യവ്യക്തികളുടെ തോപ്പുകളും കേന്ദ്രീകരിച്ചാണ് കോഴിപ്പോര് അരങ്ങേറുന്നത്.
കോയമ്പത്തൂര്‍,പല്ലടം, തിരുപ്പൂര്‍,പൊള്ളാച്ചി,ഉദുമല്‍പേട്ട,ആനമല,വേട്ടക്കാരന്‍പുതൂര്‍ എന്നിവിടങ്ങളില്‍ നിന്നും ആഡംബര കാറുകളിലാണ് കോഴിപ്പോര് സംഘങ്ങള്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് എത്തുന്നത്.കോഴിയങ്കം കാണാനായി എത്തുന്നവര്‍ക്കു വില്ക്കുന്നതിനായും സംഘങ്ങള്‍ കോഴികളെ പ്രദേശത്ത് എത്തിക്കുന്നുണ്ട്. വളര്‍ത്തുന്ന കൊത്തുകോഴികള്‍ക്കു മൂവായിരം മുതല്‍ നാലായിരം രൂപവരെ ലഭിക്കും. മത്സരത്തിന് മുമ്പ് മദ്യവും ഉത്തേജക മരുന്നും കുത്തിവയ്‌ക്കും.
പ്രത്യേക പരിശീലനം നല്‍കിയ പൂവന്‍കോഴികളെയാണ് പോരിനിറക്കുക. ചെറുപ്പത്തിലേ കോഴികളെ പിടികൂടി, ചെറിയ കൂടുകളിലടക്കുകയും നന്നായി തീറ്റയും മരുന്നുകളും നല്‍കുകയും ചെയ്യുന്നു. പേശികള്‍ പെട്ടെന്നു വികസിപ്പിക്കാന്‍ സ്റെറോയിഡുകള്‍ വരെ നല്‍കുന്നു.
നേരമ്പോക്കിനായി തുടങ്ങിയ വിനോദം ഇന്ന് ചൂതുകളി വ്യവസായമായി മാറിയിട്ടുണ്ട്. മെയ്യൊതുക്കവും സമരാസക്തിയുമുള്ള പോരുകോഴികളെ പ്രത്യേകം വളര്‍ത്തിയെടുക്കുന്നു. കോഴികളുടെ കാലുകളില്‍ അള്ളുകള്‍ എന്ന പേരിലുള്ള കൂര്‍ത്തുമൂര്‍ത്ത ലോഹനിര്‍മിതമായ നഖങ്ങളും മുള്ളുകളും വെച്ചുപിടിപ്പിക്കുന്നു.
കാലുകളിലെ പിന്‍നഖം വെട്ടിക്കളഞ്ഞ് മുറിവുണങ്ങുമ്പോള്‍ തല്‍സ്ഥാനത്ത് മൂന്നിഞ്ചുവരെ വലിപ്പമുള്ള കത്തികളോ അഗ്രം വളഞ്ഞ കൊളുത്തുകളോ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ചോളവും കോറയുമാണ് പ്രധാന ഭക്ഷണം. കോഴിയങ്കം നടക്കുന്ന സ്ഥലത്തേക്ക് പന്തയത്തില്‍ പങ്കെടുക്കാത്തവരെ അനുവദിക്കാറില്ല. പോലീസ് എത്തുന്നത് നിരീക്ഷിക്കാനായി ചുറ്റുപാടും കാവല്‍ക്കാരെയും ഏര്‍പ്പെടുത്തും.
15 വര്‍ഷം മുമ്പാണ് തമിഴ്നാട് സര്‍ക്കാര്‍ കോഴിയങ്കം നിരോധിച്ച് ഉത്തരവിറക്കിയത്. ഇതിനുശേഷമാണ് ചൂതുകളിക്കായി തമിഴ്നാട്ടുകാര്‍ കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കോഴിപ്പോരിന് ലക്ഷങ്ങളുമായി എത്തുന്നത്. മത്സരത്തിനിടെ ആഭരണങ്ങളും ഇരുചക്രവാഹനങ്ങളും പണയപ്പെടുത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: