തിരുവനന്തപുരം: ഹമാരേ രാഷ്ട്രപിതാ മഹാത്മാഗാന്ധിജി കാ സ്വപ്ന്… സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഹിന്ദി പ്രസംഗ മത്സര വേദിയില്‍ കാവ്യ ഇത് പറയുമ്പോള്‍ താന്‍ ഇതുവരെയും കാണാത്ത ലോകത്തെ ശുദ്ധമാക്കുന്നതിനു വേണ്ടി പ്രസംഗിച്ചതിന് ലഭിച്ചത് എ ഗ്രേഡ്. ജന്മനാ അന്ധയായ കാവ്യ കാസര്‍ഗോഡ് നിന്നും തലസ്ഥാന നഗരിയിലെ കലോത്സവ വേദിയില്‍ എത്തിയത് അമ്മ വാണിയുടെയും സഹോദരന് ശിവകുമാറിന്റെയും കൈപിടിച്ച്. കാസര്‍ഗോഡ് കാട്ടുകുക്കെ എസ്എസ്എച്ച്എസ്എസ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് കാവ്യ. ആദ്യമായാണ് സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ എത്തുന്നത്.
കാവ്യയുടെ പ്രസംഗത്തില്‍ നിറഞ്ഞു നിന്നത് മാലിന്യത്തില്‍ നിന്നും രാജ്യത്തെ ശുദ്ധമാക്കാനുള്ള മഹാത്മജിയുടെ സ്വപ്നം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് അഭിയാനിലൂടെ ഈ സ്വപ്നം എങ്ങനെ സാക്ഷാത്ക്കരിക്കാം എന്ന് പ്രസംഗത്തിലൂടനീളം വിവരിച്ചു. ഈ സുന്ദര ലോകത്തിന്റെ ഭംഗി എന്തെന്ന് കാവ്യക്കറിയില്ലെങ്കിലും മാലിന്യം നാടിനെ നശിപ്പിക്കുന്നു എന്നറിയാം.
ആരും പ്രസംഗം പഠിപ്പിച്ചിട്ടല്ല കാവ്യ മത്സരവേദിയില്‍ എത്തിയത്. ഹിന്ദി പഠനത്തില്‍ കുട്ടിക്കാലം മുതലേ ഉള്ള താല്പര്യം മത്സര വേദിയില്‍ എത്തിക്കുകയായിരുന്നു. പ്രചോദനമായത് പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ മാന്‍കീ ബാത്ത് റേഡിയോ പ്രഭാഷണം. മാന്‍കീ ബാത്ത് കേട്ടശേഷം പിറ്റേദിവസം സഹപാഠികള്‍ക്ക് പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ച് കൊടുക്കാറുണ്ട്.
പ്രസംഗത്തിനു പുറമെ ശാസ്ത്രീയ സംഗീതവും കാവ്യ പഠിക്കുന്നുണ്ട്. കര്‍ണ്ണാടക സംഗീതം ജൂനിയര്‍ പരീക്ഷയില്‍ എണ്‍മ്പതു ശതമാനം മാര്‍ക്കോടെ കാവ്യവിജയിച്ചു. നാട്ടു വൈദ്യനായ ഗോവിന്ദ് ഭട്ടിന്റെ മകളായ കാവ്യയും കുടുംബവും താമസിക്കുന്നത് ബദിയടുക്കയിലെ വാടക വീട്ടില്‍. മത്സരം കഴിഞ്ഞ് കാവ്യ പ്രധാന വേദിയായ പുത്തരിക്കണ്ടത്തും വന്നിരുന്നു. വേദയില്‍ ഭരതനാട്യം എച്ച്എസ് വിഭാഗം അരങ്ങു തകര്‍ക്കുന്നു. നാട്യത്തിലെ കീര്‍ത്തനം ആസ്വദിച്ചു നൃത്തത്തിന്റെ ചന്തം എന്തെന്നറിയാന്‍ അന്ധത അനുവദിക്കാത്തതിനാല്‍ അമ്മയുടെയും സഹോദരന്റെയും കൈ പിടിച്ച് സ്വദേശത്തെക്കു പോകാന്‍ തിരികെ റെയില്‍വെ സ്റ്റേഷനിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: