ന്യൂദല്‍ഹി: ദരിദ്രരേക്കാള്‍ രാജ്യത്തെ സമ്പന്ന വിഭാഗമാണ് നിലിവിലെ സബ്സിഡികളുടെ ആനുകൂല്യം അനുഭവിക്കുന്നതെന്ന് പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കാന്‍ സബ്സിഡികളല്ല മാര്‍ഗമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈദ്യുതി സബ്സിഡി മാത്രമാണ് ദരിദ്രര്‍ക്ക് ഗുണം ചെയ്യുന്നത്. 3,78,000 കോടി രൂപയുടെ സബ്സിഡികളാണ് രാജ്യത്തു നല്‍കുന്നത്. ഇത് മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 4.24 ശതമാനം വരുമെന്നും സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലേക്ക് എത്തിക്കാനുള്ള ചരിത്രപരമായ അവസരമാണ് ഭാരതത്തില്‍ ഇപ്പോഴുള്ളത്. അതിനാല്‍ അധികഭാരം വരുത്തി വയ്ക്കുന്ന സബ്സിഡികള്‍ നിയന്ത്രിച്ചേ മതിയാവു.
പാചകവാതകം, മണ്ണെണ്ണ തുടങ്ങിയവയ്ക്ക് നല്കി വരുന്ന സബ്സിഡികള്‍ വെട്ടിക്കുറയ്ക്കണം. മണ്ണെണ്ണ സബ്സിഡി പാവപ്പെട്ടവര്‍ക്ക് യഥാവിധം ലഭിക്കുന്നതിനാല്‍ തന്നെ ആവശ്യക്കാര്‍ക്ക് മാത്രമായി സബ്സിഡികള്‍ നിജപ്പെടുത്തണം. മണ്ണെണ്ണയ്ക്ക് സബ്സിഡി നല്‍കുന്നതിലൂടെ 10,000 കോടി രൂപയുടെ ചോര്‍ച്ചയാണ് ഉണ്ടാവുന്നതെന്നും സര്‍വേ പറയുന്നു.
ഭക്ഷ്യ സുരക്ഷയ്ക്ക് രാജ്യത്തെ കാര്‍ഷികമേഖലയെ മെച്ചപ്പെടുത്തണമെന്നും സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: