ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ ഫലം കണ്ടുതുടങ്ങി. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 8.1 മുതല്‍ 8.5 ശതമാനം വരെ വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന് സാമ്പത്തികസര്‍വ്വേ റിപ്പോര്‍ട്ട്. വളരെ വേഗത്തില്‍ തന്നെ വളര്‍ച്ചാ നിരക്ക് രണ്ടക്ക സംഖ്യയിലേക്ക് കുതിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്നലെ പാര്‍ലമെന്റില്‍ വെച്ച സാമ്പത്തികസര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ധനകാര്യ മേഖലയില്‍ വലിയ പരിഷ്ക്കരണങ്ങള്‍ ഉണ്ടാകുമെന്നും സര്‍വ്വേയിലുണ്ട്.
2014-2015 വര്‍ഷത്തെ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 7.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് അവസാനിക്കുമ്പോഴേക്കും ഇതില്‍ ഇനിയും വര്‍ദ്ധനവുണ്ടായി 8 ശതമാനത്തിലെത്തും. സേവന മേഖലയിലെ വളര്‍ച്ചാ നിരക്ക് 10.6 ശതമാനമായി. വിലക്കയറ്റത്തില്‍ 6 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ സര്‍വ്വേഫലം കേന്ദ്രസര്‍ക്കാര്‍ നടത്തിയ വിപണി ഇടപെടലുകള്‍ വിജയിച്ചെന്ന് വ്യക്തമാക്കുന്നു. പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷത്തെ ആറുശതമാനത്തില്‍ നിന്നാണ് ഈ മാറ്റം.
വ്യാവസായിക വളര്‍ച്ചാ നിരക്കിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. യുപിഎ ഭരണകാലത്ത് ഒരു ശതമാനത്തിലേക്ക് താഴ്ന്ന നിരക്ക് രണ്ടു ശതമാനത്തിലേക്ക് ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മഴയില്‍ ഗണ്യമായ കുറവുണ്ടായത് കാര്‍ഷിക മേഖലയെ ബാധിച്ചു. കാര്‍ഷികമേഖലയില്‍ ഒരുശതമാനം വളര്‍ച്ച കുറഞ്ഞിട്ടുണ്ട്. വരള്‍ച്ച നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് കാര്‍ഷിക മേഖലയെ പിടിച്ചു നിര്‍ത്തിയത്.
ധനസമാഹരണം ലക്ഷ്യമിടുന്ന സര്‍ക്കാര്‍ നയങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വ്വേയില്‍ ഭക്ഷ്യസബ്സിഡികള്‍ പാവപ്പെട്ടവന്റെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നില്ലെന്നും വിലയിരുത്തുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 4.1 ശതമാനമായി നിയന്ത്രിച്ചു നിര്‍ത്തും. ധനക്കമ്മി കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങളുമായി രാജ്യത്തിന് മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുഖ്യസാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷ്യോല്‍പ്പാദനം 257.07 മില്യണ്‍ ടണ്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലും 8.5 മില്യണ്‍ ടണ്ണിന്റെ അധിക ഉല്‍പ്പാദനമാണ് രാജ്യത്തുണ്ടായത്. ധനകാര്യ ഫെഡറലിസം മുന്‍നിര്‍ത്തിയുള്ള പതിനാലാം ധനകമ്മീഷന്റെ ശുപാര്‍ശകളുമായി മുന്നോട്ടുപോകും. വിലക്കയറ്റം ബാധിച്ച മേഖലകള്‍ കേന്ദ്രീകരിച്ച് നാണ്യനയം ഉണ്ടാക്കും. കാര്‍ഷികമേഖലയ്ക്ക് ഉണര്‍വ്വേകാനായി പലിശരഹിത പദ്ധതികള്‍ കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തുമെന്നും സാമ്പത്തിക സര്‍വ്വേ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: