കൊച്ചി: ആശങ്കയും പ്രതീക്ഷയും ഒരു പോലെ നല്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്മാന് മാത്യു കുരുവിത്തടം അഭിപ്രായപ്പെട്ടു.
സേവന നികുതിയുടെ വര്‍ദ്ധനവ് വാണിജ്യ മേഖലയെയും അനുബന്ധ രംഗങ്ങളെയും നേരിട്ട് ബാധിക്കും.
രൂപയുടെ മൂല്യം കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ റബ്ബര്‍ മേഖലയെ സംരക്ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഇ.എസ്.ഐ അല്ലെങ്കില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുവാന്‍ തൊഴിലാളിക്ക് അവസരം നല്കുവാനുള്ള തീരുമാനം ശ്രദ്ധേയമാണ്. സ്വത്ത് നികുതി ഒഴിവാക്കിയത് സ്വാഗതാര്‍ഹമാണ്. ബിസിനസ്സ് സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള വിവിധ നടപടിക്രമങ്ങള്‍ ഏകീകരിക്കാനും ലഘൂകരിക്കാനുമുള്ള നിര്‍ദ്ദേശം പുതിയ സംരംഭകരെ സഹായിക്കും. എങ്കിലും ഇരുപത്തിരണ്ടോളം വരുന്ന കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികള്‍ ഇല്ലാത്തത് നിരാശാജനകമാണ്.
150 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് എത്തുമ്പോള്‍ തന്നെ വിസ നല്കുവാനുള്ള നിര്‍ദ്ദേശം ടൂറിസം മേഖലയെ സഹായിക്കും. പ്രത്യേകിച്ച് കേരളത്തിന് ഇത് വളരെ പ്രയോജനകരമാകും. ചെറുകിട സൂക്ഷ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് പദ്ധതി നിര്‍ദ്ദേശിച്ചിട്ടുള്ളത് പ്രതീക്ഷയുണര്‍ത്തുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള പിന്തുണ പുതിയ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. അടിസ്ഥാന സൗകര്യമേഖലയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പായാല്‍ വ്യവസായ വാണിജ്യ മേഖലയ്ക്ക് മുതല്‍കൂട്ടാകുമെന്ന് കേരള ചേംബര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: