കോഴിക്കോട്: ഇവിടെ കലോത്സവത്തിന്റെ പതിവ് കാഴ്ച. ആകുലതയും വൃഥയും മുറ്റി നില്ക്കുന്ന മുഖങ്ങളുടെ നീണ്ട നിര. വിശപ്പും ദാഹവും മറന്നുള്ള ആ നില്‍പ്പിന്റെ ലക്ഷ്യം ഒന്ന് മാത്രം,അപ്പീല്‍ ലഭിക്കുക.
സംസ്ഥാന കലോത്സവം അപ്പീല്കൗണ്ടറിന് മുന്നിലെ കാഴ്ചയാണിത്. കലയുടെ പൂനിലാവൊരുക്കം സാമൂതിരിയുടെ തട്ടകത്തിലും ഇതിന് മാറ്റമില്ല. കുട്ടികളെ മല്‍സരത്തില്‍ പങ്കെടുപ്പിക്കാന്‍ അനുമതിക്കായുള്ള അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കപ്പാട്.
ആപ്പീലിനായുള്ള വരിയില്‍ രാവിലെ മുതല്‍ സ്ഥാനം പിടിച്ചവരുണ്ട്.അപ്പീല്‍ എന്‍ട്രി ലഭിക്കാന്‍ നാലും അഞ്ചും മണിക്കൂര്‍ കാത്ത് നില്‍ക്കേണ്ട സ്ഥിതിയാണ്. കോടതിയുടെയും 14 ജില്ലകളിലെ ഡിഡിമാരുടെയും ഉത്തരവുമായാണ് അപ്പിലിനെത്തുക.
ലോവര്‍ അപ്പീല്‍ കൗണ്ടറില്‍ ഇത് സമര്‍പ്പിച്ച് നിശ്ചിത ഫീസ് ഒടുക്കി എന്‍ട്രി ലഭിക്കാന്‍ മറ്റൊരു കൗണ്ടറിലെത്തണം. ഇവിടെയും നീണ്ട നിര. മണിക്കൂറുകള്‍ക്കൊടുവില്‍ എന്‍ട്രി ലഭിക്കുന്നതോടെയാണ് കാത്തുനിന്നവരുടെ മുഖത്ത് ആശ്വാസം വിടരുന്നത്.
അപ്പീല്‍ കൗണ്ടറിലെ വമ്പന്‍ തിരക്കിനുളള കാരണം ഒരര്‍ത്ഥത്തില്‍ ബന്ധപ്പെട്ടവരുടെ ദീര്‍ഘവീക്ഷണമില്ലായ്മ കൂടിയാണ്. അതത് ദിവസത്തെ മത്സരത്തിനുള്ള അപ്പീല്‍ പരിഗണിക്കാന്‍ പ്രത്യേകം ഒരുകൗണ്ടര് ഏര്‍പ്പെടുത്താമായിരുന്നു.
മറ്റ് ദിവസങ്ങളിലേക്ക് പരിഗണിക്കാന്‍ വേറെ കൗണ്ടറുകളും. ഇന്നലെ തന്നെ, ആദ്യ ദിവസത്തേത് മാത്രമായി. തുടര്ദിവസങ്ങളിലേക്കും അപ്പീലിനായുള്ളവര്ക്ക് ഒറ്റകൗണ്ടര് മാത്രമായിരുന്നു. അതോടെ തിരക്കും ആശങ്കയും സ്വാഭാവികം.
ഇന്നലെ വൈകീട്ട് ആറിനുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ അപ്പീല്‍ അഞ്ച് മണി വരെയും ലഭിക്കാത്തവരുടെ പ്രയാസം കടുത്തതായിരുന്നു. എത്ര വൈകിയാലും അപ്പീല്‍ നല്കുമെന്നുള്ളസംഘാടകരുടെ നിലപാട് ചിലര്‍ക്കെങ്കിലും അല്‍പ്പം ആശ്വാസത്തിനുള്ള വകനല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: