അപമാനഭാരം സഹിക്കവയ്യാതെയാണ് അന്ന് ലതാനമ്പൂതിരി കലോല്‍സവവേദി വിട്ടത്. അന്നൊഴുക്കിയ കണ്ണീരിനും നഷ്ടമായ അഭിമാനത്തിനും മറുപടി കൊടുക്കണമെങ്കില്‍ പരസ്യമായി അധിക്ഷേപിച്ചവരെ ഇവര്‍ക്ക് കണ്ടെത്തിയേ തീരൂ. അതിനാല്‍ സംസ്ഥാന കലോല്‍സവ നഗരിയിലെ വിവിധ വേദികളില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ലത നമ്പൂതിരിയുണ്ട്. കാസര്‍കോട് കുമ്പളയില്‍ കഴിഞ്ഞ വര്‍ഷത്തെ ജില്ലാ കലോല്‍സവത്തിലാണ് സംഭവത്തിന്റെ തുടക്കം.
അന്ന് ഹയര്‍ സെക്കന്ററി വിഭാഗം തിരുവാതിരക്കളി മത്സരത്തിന്റെ വിധികര്‍ത്താവ് കൂടിയായിരുന്നു മട്ടന്നൂര്‍ സഹോദരിമാരുടെ കുടുംബാംഗം കൂടിയായ കോഴിക്കോട് സ്വദേശി ലതാ നമ്പൂതിരി. പെണ്‍കുട്ടികളുടെ തിരുവാതിരക്കളി മത്സരത്തിന്റെ വിധികര്‍ത്താവ് ആയിരുന്ന ലതയെ പക്ഷപാതം കാണിച്ചുവെന്നാരോപിച്ച് ഒരു സ്ത്രീയുള്‍പ്പെടെ ചില വ്യക്തികള്‍ ചേര്‍ന്ന് പരസ്യമായി ആക്രമിക്കുകയായിരുന്നു.
തന്റെ സ്ത്രീത്വത്തെ അപമാനിച്ചവരെ ഉടന്‍ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്തെങ്കിലും നടപടിയെടുക്കാനോ കൂടുതല്‍ വിവരം നല്‍കാനോ ആരും തയ്യാറായില്ലെന്ന് ലത ആരോപിക്കുന്നു. ആക്രമിച്ചവര്‍ അപ്പോള്‍ത്തന്നെ കലോത്സവ വേദിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. കാസര്‍കോട് ജില്ലയിലെ ചില സ്‌കൂളിലുള്ള വ്യക്തികളെയാണ് ലതയ്‌ക്ക് സംശയം. കണ്ടാല്‍ തിരിച്ചറിയാമെന്നതിനാല്‍ ഇവര്‍ ജോലി ചെയ്യുന്നതായി സംശയം തോന്നിയ സ്‌കൂളുകളില്‍ നേരിട്ട് പോയെങ്കിലും അധികൃതര്‍ അപമാനിച്ച് പറഞ്ഞ് വിടുകയായിരുന്നു. തുടര്‍ന്ന് കുമ്പള പോലീസില്‍ പരാതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും നീതി ലഭിച്ചില്ല.
അപമാനഭാരത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും തന്നെ പരസ്യമായി അധിക്ഷേപിച്ചവരെ കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ വര്‍ഷത്തെ കാസര്‍കോട് ജില്ലാ കലോല്‍സവത്തിനും ആക്രമിച്ചവരെത്തേടി ലതയെത്തിയിരുന്നു. എന്നാല്‍ പരാജയപ്പെട്ട് മടങ്ങി.
















