വേദിയില്‍ മത്സരം നടന്നുകൊണ്ടിരിക്കെ പുറത്ത് വിധികര്‍ത്താക്കളും രക്ഷിതാക്കളും തമ്മില്‍ വാക്കേറ്റം. സ്‌കൂള്‍ കലോത്സവം വേദി ഒമ്പത് സാരംഗില്‍ വിധികര്‍ത്താക്കള്‍ക്ക് മുന്‍വിധിയോടെയുള്ള നിലപാടുണ്ടെന്ന് ആരോപിച്ചാണ് രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്. ഈ വേദിയില്‍ ഇന്നലെ രാവിലെ 9 മുതല്‍ മൃദംഗം, ഗഞ്ചിറ, ഹൈസ്‌കൂള്‍ വിഭാഗം ഘടം, തബല, ഹയര്‍ സെക്കന്ററി വിഭാഗം മൃദംഗം, തബല മത്സരങ്ങളാണ് നടന്നത് ഹൈസ്‌കൂള്‍ വിഭാഗം തബല മത്സരം നടന്നുകൊണ്ടിരിക്കെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
വിധിനിര്‍ണയത്തിനെത്തിയ ‘ചിലര്‍’ക്കെതിരെ രക്ഷിതാക്കള്‍ ധാര്‍മ്മികരോഷത്തോടെയാണ് പ്രതികരിച്ചത്. ഇക്കഴിഞ്ഞ മലപ്പുറം ജില്ല കലോത്സവത്തില്‍ വിധികര്‍ത്താക്കളായി എത്തി സ്വന്തക്കാരുടെ മക്കളുടെ താല്‍പര്യം രക്ഷിച്ചവരില്‍ ചിലര്‍ ഇവിടെയുമെത്തിയതാണ് രക്ഷിതാക്കളെ ചൊടിപ്പിച്ചത്. ഒരു വിധികര്‍ത്താവിന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകനും മത്സരത്തിനെത്തിയിരുന്നു.
മലപ്പുറം ജില്ലാകലോത്സവത്തിലും ഇതേ പ്രശ്‌നത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.
സ്ഥാപിതതാല്‍പ്പര്യക്കാര്‍ വിധികര്‍ത്താക്കളായാല്‍ നീതിയുക്തമായ വിധി നിര്‍ണയം നടക്കില്ലെന്നും മികച്ചപ്രകടനം നടത്തുന്ന പ്രതിഭകള്‍പുറന്തള്ളപ്പെടുമെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. സ്ഥലത്ത് പോലീസെത്തിയാണ് സംഘര്‍ഷാവസ്ഥ അവസാനിപ്പിച്ചത്
















