കലോത്സവങ്ങള്‍ മത്സരങ്ങള്‍ക്കുള്ള വേദിയാക്കരുതെന്ന് എം. മുകുന്ദന്‍. കലോത്സവത്തിന്റെ ലക്ഷ്യം മത്സരിക്കലും സമ്മാനങ്ങള്‍ നേടലുമാവരുത്. പഠിച്ച കല ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരികോത്സവത്തില്‍ എഴുത്തും കാലവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്ര വലിയ പങ്കാളിത്തമുള്ള കലോത്സവം ലോകത്ത് എവിടെയും നടക്കുന്നതായി അറിവില്ല. ആള്‍ക്കൂട്ടത്തില്‍ ജീവിക്കുന്നവരാണ് മലയാളികള്‍. അതുകൊണ്ടാണ് ഇത്തരം കൂട്ടായ്‌മകള്‍ രൂപംകൊള്ളുന്നത്. മലയാളികള്‍ എന്ന നിലയില്‍ നമുക്ക് അഭിമാനിക്കാം.
എഴുത്ത് എളുപ്പമല്ല. കാലം ഒരുപാട് മാറി, പ്രതിഭകൊണ്ട് മാത്രം ഇന്ന് എഴുത്തുകാരനാകാന്‍ സാധിക്കില്ല. അന്വേഷണവും ഗവേഷണവും ഇന്ന് എഴുത്തുകാര്‍ക്ക് ആവശ്യമാണ്. പലകാര്യങ്ങളും അന്വേഷിച്ച് കണ്ടെത്തേണ്ടിവരും. ആദ്യം നമ്മളെക്കുറിച്ച് എഴുതുന്നു. തുടര്‍ന്ന് മറ്റുള്ളവരെക്കുറിച്ച് എഴുതുന്നു. അപ്പോള്‍ നമുക്ക് മറ്റുള്ളവരെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതായിരുന്നു.
എഴുത്തുകാരന് ഒറ്റപ്പെട്ട് ഒരു മുറിയില്‍ മാത്രം ജീവിക്കാന്‍ കഴിയില്ല. മുറികളില്‍ നിന്ന് പുറത്ത് വന്ന് നിരത്തുകളിലും അങ്ങാടികളിലും ആള്‍ക്കൂട്ടങ്ങള്‍ ഉള്ള സ്ഥലങ്ങളിലും ജീവിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവ.മോഡല്‍ എച്ച്എസ്എസ്സിലെ നവനീതം വേദിയില്‍ നടന്ന സെമിനാറില്‍ ശത്രുഘ്‌നന്‍ അദ്ധ്യക്ഷത വഹിച്ചു. കാലത്തിന് എഴുത്തില്‍ വളരെ പ്രാധാന്യമുണ്ടെന്ന് യു.കെ. കുമാരന്‍ അഭിപ്രായപ്പെട്ടു. ഒരു കൃതി എങ്ങനെ കാലാതിവര്‍ത്തിയായി മാറുമെന്ന് വര്‍ത്തമാനകാലത്തില്‍ നിന്ന് പറയാന്‍ സാദ്ധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.ആര്‍. സുധീഷ്, കെ.പി. സുധീര, പി.കെ. പാറക്കടവ്, ഡോ. ഖദീജ മുംതാസ്, അര്‍ഷാദ് ബത്തേരി, കോഴിക്കോട് ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















