സ്‌കൂള്‍ കലോത്സവത്തിലെ മാന്വല്‍ പരിഷ്‌ക്കരണത്തിലൂടെ ഇല്ലാതാകുന്നത് പരമ്പരാഗതമായ ഒരു കലാഇനം. 1998ലെ മാന്വല്‍ പരിഷ്‌ക്കരണത്തിലാണ് പരമ്പരാഗത കോല്‍ക്കളിയെ കലോത്സവ വേദിയില്‍ നിന്ന് പുറത്താക്കിയത്. കോല്‍ക്കളിയെ മുസ്ലിമെന്നും ഹിന്ദുവെന്നും വേര്‍തിരിച്ച് കോല്‍ക്കളിയുടെ പാട്ടുകള്‍ മാപ്പിളപ്പാട്ടുകള്‍ തന്നെയാകണമെന്ന് 1998ല്‍ മാന്വലില്‍ മാറ്റംവരുത്തിയത്. കോല്‍ക്കളിയെന്ന പൗരാണിക കലാരൂപത്തെ മാപ്പിളകലയാക്കി മാത്രം വിവക്ഷിച്ചു കൊണ്ടാണ് പരിഷ്‌ക്കാരം നടപ്പിലാക്കിയത്.
1998 ജൂലായ് 27ന് പുറത്തിറക്കിയ യുവജനോത്സവ മാന്വല്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് മാറ്റം നടപ്പിലായത്. കോല്‍ക്കളിക്ക് ഇമ്പമാര്‍ന്ന പുരാതന മാപ്പിളപ്പാട്ടുകളുടെ ഈണത്തിനൊപ്പിച്ച് മെയ്‌വഴക്കത്തോടെ ചുവടൊപ്പിച്ചും ചാഞ്ഞു ചരിഞ്ഞും തിരിഞ്ഞും മറിഞ്ഞും വായ്‌ത്താരിയിലും കോലടിയിലും താളം പിടിച്ച് പങ്കെടുക്കുന്നവര്‍ തന്നെ അവതരിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം നടപ്പിലാക്കിയത്.
ദ്വാപരയുഗത്തില്‍ കാളിന്ദീ നദിക്കരയില്‍ ശ്രീകൃഷ്ണന്‍ യാദവ ബാലന്മാരോടൊത്ത് കാലികളെ മേക്കാന്‍പോയ കാലത്താണ് കോല്‍ക്കളി ഉദ്ഭവിച്ചതെന്നാണ് ഐതിഹ്യം.
ക്ഷേത്രസങ്കേതങ്ങളില്‍ ക്ഷേത്രകലാരൂപമായും ഇത് നിലനിന്നു. അക്കാലത്ത് സ്‌കൂളുകളില്‍ കോല്‍ക്കളി പഠിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് മുസ്ലിംപാട്ടുകള്‍ മാത്രമേ പാടുള്ളൂവെന്ന നിബന്ധനയോടെ കോല്‍ക്കളിയുടെ യഥാര്‍ത്ഥരൂപം ഇല്ലാതാക്കുകയാണ് ചെയ്തിരിക്കുന്നത്.
ഇന്നലെ സ്‌കൂള്‍ കലോത്സവത്തിലെ പ്രധാന വേദിയിലെ മീഡിയ സെന്ററില്‍ പുന്നശ്ശേരി കോല്‍ക്കളിസംഘം സര്‍ക്കാറിന്റെ തലതിരിഞ്ഞ നിലപാടിനെതിരെ പ്രതിഷേധകോല്‍ക്കളി നടത്തി. ആര്‍.എം. പീറ്റക്കണ്ടിയെന്ന പരമ്പരാഗത കോല്‍ക്കളി ആശാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോല്‍ക്കളി അവതരിപ്പിച്ചത്. ശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥി യദുകൃഷ്ണന്‍, ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി രാഹുല്‍ രാജീവന്‍, ശശിധരന്‍.പി, ഇ.ദാമോദരന്‍ നായര്‍, രാജീവന്‍, ശശിധരന്‍പുന്നശ്ശേരി, പത്മനാഭന്‍ കെ, മനോജ് കിഴക്കേടം എന്നിവരാണ് പ്രതിഷേധ കോല്‍ക്കളിയില്‍ പങ്കെടുത്തത്. പരമ്പരാഗത കോല്‍ക്കളിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനവും നല്കി.
















