റിയോ ഡി ജനീറോ: രണ്ടു ദശാബ്ദത്തിലധികം പഴക്കമുള്ള ലോക റെക്കോര്‍ഡ് തിരുത്തി റിയോ ഒളിമ്പിക്സിലെ ട്രാക്കിനങ്ങള്ക്ക് ഗംഭീരമായ തുടക്കം. വനിതകളുടെ 10,000 മീറ്ററില്‍ എത്യോപ്യയുടെ അല്‍മാസ് അയാനയാണ് റെക്കോര്‍ഡ് പ്രകടനത്തോടെ റിയോയില്‍ ട്രാക്കിനങ്ങളിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്.
1993 സെപ്റ്റംബര്‍ എട്ടിന് ചൈനീസ് താരം വാങ് ജുങ്സിയ സ്ഥാപിച്ച 29 മിനിറ്റും 31.78 സെക്കന്‍ഡ് എന്ന സമയം 29 മിനിറ്റ് 17.45 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് അല്‍മാസ് പഴങ്കഥയാക്കിയത്. ഈയിനത്തില്‍ കെനിയയുടെ വിവിയന്‍ ജെപ്കെമോയ് വെള്ളിയും എത്യോപ്യയുടെ തന്നെ ടിരുനേഷ് ദിയാബ വെങ്കലവും നേടി.
അതേസമയം ട്രാക്കിലും ഫീല്‍ഡിലും ഭാരതത്തിന് നിരാശയോടെയാണ് തുടക്കം. വനിതകളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറും 800 മീറ്ററില്‍ മലയാളി താരം ജിന്സണ് ജോണ്‍സണും യോഗ്യതാ റൗണ്ടുകളില്‍ പുറത്തായി. മൂന്നാം ഹീറ്റ്സില്‍ മത്സരിച്ച ജിന്സണ് 1 മിനിറ്റ് 47:27 സെക്കന്റില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. നിലവിലെ ചാമ്പ്യന്‍ കെനിയയുടെ ഡേവിഡ് റുഡിഷയാണ് 1 മിനിറ്റ് 45:09 സെക്കന്‍ന്റില്‍ ഒന്നാമതായി ഫിനിഷ് ചെയ്തത്.
വനിത വിഭാഗം ഷോട്ട്പുട്ടില്‍ ഭാരതത്തിന്റെ ഏക പ്രതിനിധിയായിരുന്നു മന്‍പ്രീത് കൗര്‍ 16.68 മീറ്റര്‍ ആണ് എറിഞ്ഞത്. 18.40 മീറ്ററായിരുന്നു യോഗ്യത മാര്‍ക്ക്. പുരുഷ ഷോട്ട് പുട്ടില്‍ അവസാന പ്രതീക്ഷയായ ഇന്ദ്രജീത്ത് സിംങിന്റെ യോഗ്യത റൗണ്ട് മത്സരം ആഗസ്റ്റ് 18ന് നടക്കും. പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ ഇരുപത്തിയെട്ടാം സ്ഥാനത്തെത്തിയ വികാസ് ഗൗഡയ്ക്കും യോഗ്യതാ മാര്‍ക്ക് പിന്നിടാന്‍ കഴിഞ്ഞില്ല. 58.99 ആണ് വികാസിന്റെ ദൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: