മെല്‍ബണ്‍: കളത്തിലായാലും കളത്തിനു പുറത്തായാലും ആരാധകര്‍ക്ക് സുന്ദരമായ കാഴ്ച്ചയാണ് സച്ചിന് രമേഷ് ടെണ്ടുല്‍ക്കര്‍. രണ്ടരപതിറ്റാണ്ടുകാലം ലോക ക്രിക്കറ്റിന്റെ രാജാങ്കണത്തില്‍ വിരാജിച്ച ‘മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മാനിയ’ ഇന്നലെ മെല്‍ബണിനെയും വിട്ടൊഴിഞ്ഞില്ല. കരുത്തരായ ദക്ഷിണാഫ്രിക്കയോടു മല്ലിട്ട ടീം ഇന്ത്യയെ പ്രോത്സാഹിപ്പിക്കാന്‍ ഗാലറിയില്‍ സച്ചിനുമുണ്ടായിരുന്നു.
കളി കാണാനെത്തിയ സച്ചിനെ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. കറുത്ത സണ്‍ഗ്ലാസ് ധരിച്ച സച്ചിന് സ്റ്റേഡിയത്തിലെ വലിയ ടിവി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഗാലറി ഇളകിമറിഞ്ഞു. സെല്‍ഫിയെടുത്ത് ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കാന്‍ സച്ചിനും മറന്നില്ല. ആറു ലോകകപ്പ് കളിച്ച ഇതിഹാസതാരം ക്രിക്കറ്റിന്റെ മഹാവേദിയില്‍ കാഴ്ച്ചക്കാരന്റെ റോളിലെത്തുന്നത് ഇതാദ്യം. പുതിയ വേഷവും സച്ചിന് ആസ്വദിച്ചെന്നു കരുതാം, പ്രത്യേകിച്ച് ഇന്ത്യയുടെ ഉശിരന്‍ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: