മാഡ്രിഡ്: സ്പാനിഷ് കിങ്സ് കപ്പ് ഫൈനലില്‍ അതികായരായ ബാഴ്സലോണയും അത്ലറ്റിക് ബില്‍ബാവോയും കൊമ്പുകോര്‍ക്കും. ഇരുപാദ സെമി ഫൈനലുകളില്‍ ബാഴ്സ വിയ്യാറയലിനെയും (6-2 അഗ്രഗേറ്റ്) ബില്‍ബാവോ എസ്പാന്യോളിനെയും (3-1 അഗ്രഗേറ്റ്) പരാജയപ്പെടുത്തി.
രണ്ടാം പാദത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിയ്യാറയലിനെ മുക്കിയാണ് കലാശക്കളത്തിലേക്കുള്ള പ്രവേശം ബാഴ്സ ആധികാരികമാക്കിയത്. ബ്രസീലിയന്‍ തുറുപ്പുചീട്ട് നെയ്മറുടെ ഇരട്ടഗോളുകളാണ് ബാഴ്സലോണയുടെ ജയത്തിലെ സവിശേഷത. മൂന്നാം മിനിറ്റില്‍ ലയണല്‍ മെസി കൈമാറിയ പാസ് സ്വീകരിച്ച നെയ്മറിലൂടെ മുന്‍ ചാമ്പ്യന്മാര് മുന്നിലെത്തി. പക്ഷേ, ജൊനാതന്‍ ഡോസ് സാന്റോസ് (39-ാം മിനിറ്റ്) വിയ്യാറയലിന് സമനില സമ്മാനിച്ചു. ഇതോടെ ഓരോ ഗോള്‍ വീതം പങ്കിട്ട് ഇരു സംഘങ്ങളും ഇടവേളയ്ക്കു പിരിഞ്ഞു.
രണ്ടാം പകുതിയില്‍ നെയ്മറെ ഫൗള്‍ ചെയ്ത തോമസ് പിന പുറത്തായത് വിയ്യാറയലിന്റെ പ്രതീക്ഷകളെ പിന്നോട്ടടിച്ചു. തുടര്‍ന്ന് കളിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത ബാഴ്സയ്ക്ക് ലൂയിസ് സുവാരസ് (73-ാം മിനിറ്റ്) മേല്‍ക്കൈ മടക്കിനല്‍കി.
പിന്നെ 88-ാം മിനിറ്റില്‍ ഡബിള്‍ തികച്ച നെയ്മര്‍ ലൂയിസ് എന്റ്വികയുടെ ടീമിന്റെ ജയം സമ്പൂര്‍ണമാക്കുകയും ചെയ്തു.
ഒന്നാം പകുതിയിലെ രണ്ടു സ്ട്രൈക്കുകള്‍ എസ്പാന്യോളിനുമേല് അത്ലറ്റിക് ബില്‍ബാവോയ്ക്ക് ജയം ഒരുക്കിക്കൊടുത്തു. അര്‍ട്ടിസ് അഡൂറിസ് (13), എക്സെയ്റ്റ (42) എന്നിവര്‍ ബില്‍ബാവോയുടെ ഗോള്‍ വേട്ടക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: