ഹൊബാര്‍ട്ട്: ദുര്‍ബലരായ സ്കോട്ട്ലന്‍ഡിനെതിരെ ശ്രീലങ്കക്ക് 148 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ദില്ഷന്റെയും (104) സംഗക്കാരയുടെയും (124) ഉജ്ജ്വല സെഞ്ചുറികളുടെ കരുത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലന്‍ഡ് 43.1 ഓവറില്‍ 215 റണ്‍സിന് ഓള്‍ഔട്ടായി. 70 റണ്‍സെടുത്ത കോള്‍മാനും 60 റണ്‍സെടുത്ത മോംമ്സനുമാണ് സ്കോട്ട്ലന്‍ഡ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. പൂള് എയിലെ ആറ് കളികളും പൂര്‍ത്തിയാക്കിയ ശ്രീലങ്കക്ക് നാല് വിജയങ്ങൡ നിന്ന് എട്ട് പോയിന്റുമായി ന്യൂസിലാന്റിന് പിന്നില്‍ രണ്ടാമതാണ്. അതേസമയം സ്കോട്ട്ലന്‍ഡ് അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ടു. സ്കോട്ട്ലന്‍ഡിന്റെ അവസാന മത്സരം ഓസ്ട്രേലിയയോടാണ്. സംഗക്കാരയാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് സ്കോര്‍ 21-ല്‍ നില്‍ക്കേ ആദ്യ വിക്കറ്റ് നഷ്ടമായി. 21 പന്തുകള്‍ നേരിട്ട് വെറും നാല് റണ്‍സ് മാത്രമെടുത്ത തിരിമന്നയെ ഇവാന്‍സിന്റെ പന്തില്‍ മോംമ്സെന്‍ പിടികൂടി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ദില്‍ഷനൊപ്പം സംഗക്കാര ഒത്തുചേര്‍ന്നതോടെ കളി ലങ്കയുടെ കയ്യിലൊതുങ്ങി. സ്കോട്ട്ലന്‍ഡ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരും തുടക്കത്തില്‍ സൂക്ഷിച്ച് കളിച്ചശേഷം നിലയുറപ്പിച്ചതോടെ തകര്‍പ്പന്‍ സ്ട്രോക്കുകളുമായി കളംനിറഞ്ഞു.
20.2 ഓവറില്‍ ലങ്കന്‍ സ്കോര്‍ 100ഉം 32.2 ഓവറില്‍ 200 പിന്നിട്ടു. ഇരുവരും ചേര്‍ന്ന് 195 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ അടിച്ചുകൂട്ടിയത്. ദില്ഷന് 99 പന്തില്‍ പത്ത് ബൗണ്ടറിയും ഒരു സിക്സുമടക്കം 104 റണ്‍സെടുത്തപ്പോള്‍ സംഗക്കാര 95 പന്തില്‍ 13 ബൗണ്ടറികളും നാല് സിക്സും ഉള്‍പ്പെടെ 124 റണ്‍സെടുത്തു. ലോകകപ്പില്‍ സംഗക്കാരയുടെ തുടര്‍ച്ചയായ നാലാം സെഞ്ച്വറിയാണിത്. ഏകദിനത്തില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ഇതോടെ ഇനി സംഗക്ക് സ്വന്തമായി. ഈ ലോകകപ്പില്‍ ദില്‍ഷന്റെ രണ്ടാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. ഇതിനിടെ 34-ാം ഓവറിലെ അഞ്ചാം പന്തില്‍ ദില്‍ഷനും തൊട്ടടുത്ത പന്തില്‍ സംഗക്കാരയും സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ സ്കോര്‍ 216-ല്‍ എത്തിയപ്പോള്‍ 104 റണ്‍സെടുത്ത ദില്‍ഷനെ ഡേവി മക്ലിയോഡിന്റെ കൈകളിലെത്തിച്ചു.
തുടര്‍ന്നെത്തിയ ജയവര്‍ദ്ധനെ രണ്ട് റണ്‍സ് മാത്രമെടുത്ത് ഡേവിയുടെ പന്തില്‍ മക്ലിയോഡിന് ക്യാച്ച് നല്കി പുറത്തായി. സ്കോര്‍ 3ന് 244. തൊട്ടടുത്ത പന്തില്‍ സംഗക്കാരയെയും ഡേവി മടക്കിയതോടെ ലങ്കന്‍ സ്കോര്‍ 4ന് 244 എന്ന നിലയിലായി. പിന്നീട് ആഞ്ചലോ മാത്യൂസും (21 പന്തില്‍ 51), കുശാല്‍ പെരേരയും (13 പന്തില്‍ 24) മാത്രമാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. 43-ാം ഓവറില്‍ മാറ്റ് മച്ചാനെ തുടര്‍ച്ചയായി നാല് സിക്സറിന് പറത്തിയ മാത്യൂസ് ഈ ഓവറിലെ അവസാന പന്തില്‍ കോള്മാന് ക്യാച്ച് നല്കി പുറത്താവുകയും ചെയ്തു. ഈ ലോകകപ്പിലെ രണ്ടാമത്തെ വേഗം കൂടിയ അര്‍ദ്ധസെഞ്ചുറിയും ആഞ്ചലോ മാത്യൂസ് സ്വന്തം പേരില്‍ ചേര്‍ത്തു. ഒരുഘട്ടത്തില്‍ 43.5 ഓവറില്‍ അഞ്ചിന് 326 എന്ന നിലയിലായിരുന്ന ശ്രീലങ്കക്ക് തുടര്‍ന്നുള്ള മൂന്ന് ഓവറില്‍ പത്ത് റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് നഷ്ടമായത്. അപരാജിതമായ അവസാന വിക്കറ്റില്‍ കുലശേഖരയും (17 പന്തില്‍ 18) അവസാന ബാറ്റ്സ്മാന് ചമീരയും (9 പന്തില്‍ 12) ചേര്‍ന്ന് നേടിയ 27 റണ്‍സാണ് ലങ്കന്‍ സ്കോര്‍ 363 ല്‍ എത്തിച്ചത്.
സ്കോട്ട്ലന്‍ഡിനായി ഡേവി മൂന്നും ഇവാന്‍സും ബെറിങ്ടണും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ശ്രീലങ്ക ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലന്‍ഡിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡ് തുറക്കം മുന്നേ ആദ്യ വിക്കറ്റ് നഷ്ടമായി. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ കെയ്ല്‍ കോയ്റ്റസറിനെ മലിംഗ സ്വന്തം ബൗളിംഗില്‍ പിടികൂടി. സ്കോര്‍ 26-ല്‍ നില്‍ക്കേ മറ്റൊരു ഓപ്പണറായ മക്ലിയോഡിനെ (11) കുലശേഖര ബൗള്‍ഡാക്കുകയും ചെയ്തു. സ്കോര്‍ 44-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത മാറ്റ് മച്ചാനെ ദില്ഷന് വിക്കറ്റിന് മുന്നില്‍കുടുക്കുകയും ചെയ്തു. നാലാം വിക്കറ്റില്‍ മോംമ്സെനും കോള്‍മാനും ഒത്തുചേര്‍ന്നതോടെയാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് സ്കോട്ട്ലന്‍ഡ് കരകയറിയത്.
നാലാം വിക്കറ്റില്‍ 20.4 ഓവറില്‍ 118 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഒടുവില്‍ ടീം സ്കോര്‍ 162-ല്‍ എത്തിയപ്പോള്‍ 75 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത മോംമ്സെന്നിനെ തീസര പെരേരയുടെ പന്തില്‍ തിരിമന്നെ പിടികൂടി. പിന്നീട് 39 ഓവറില്‍ സ്കോര്‍ 189-ല്‍ നില്‍ക്കേ അഞ്ചാം വിക്കറ്റും സ്കോട്ട്ലന്‍ഡിന് നഷ്ടമായി. അര്‍ദ്ധസെഞ്ചുറി പിന്നിട്ട് മുന്നേറിയ കോള്‍മാനെ (74 പന്തില്‍ 70) കുലശേഖരയുടെ പന്തില്‍ തീസര പെരേര പിടികൂടി. പിന്നീട് സ്കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആറാം വിക്കറ്റും സ്കോട്ട്ലന്‍ഡിന് നഷ്ടമായി. രണ്ട് റണ്‍സെടുത്ത മൈക്കല്‍ ലീസ്കിനെ കുലശേഖരയുടെ പന്തില്‍ സംഗക്കാര പിടികൂടി. വിക്കറ്റിന് പിന്നില്‍ സംഗക്കാരയുടെ 501-ാം ഇരയാണ് ലീസ്ക്.
സ്കോര്‍ 200-ല്‍ നില്‍ക്കേ ഏഴാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 7 റണ്‍സെടുത്ത മാത്യു ക്രോസിനെ ചമീരയുടെ പന്തില്‍ സംഗ പിടികൂടി. പിന്നീട് ടെയ്ലറെ (3) മലിംഗയും 22 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ബെറിങ്ടണെയും നാല് റണ്‍സെടുത്ത ഡേവിയെയും ചമീര പുറത്താക്കിയതോടെ സ്കോട്ട്ലന്‍ഡ് ഇന്നിംഗ്സ് 215 റണ്‍സില്‍ അവസാനിച്ചു. ശ്രീലങ്കക്ക് വേണ്ടി ചമീരയും കുലശേഖരയും മൂന്നും മലിംഗ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.
സ്കോര്‍ ബോര്‍ഡ്
ശ്രീലങ്ക ഇന്നിംഗ്സ്
തിരിമന്നെ സി മോംമ്സെന്‍ ബി ഇവാന്‍സ് 4, ദില്ഷന് സി മക്ലിയോഡ് ബി ഡേവി 104, സംഗക്കാര സി ക്രോസ് ബി ഡേവി 124, ജയവര്‍ദ്ധനെ സി മക്ലിയോഡ് ബി ഡേവി 2, ആഞ്ചലോ മാത്യൂസ് സി കോള്‍മാള്‍ ബി മച്ചാന് 51, കുശല്‍ പെരേര സി മക്ലിയോഡ് ബി ടെയ്ലര് 24, തീസര പെരേര സി കോള്മാന് ബി ബെറിങ്ടണ്‍ 7, പ്രസന്ന സി കോള്മാന് ബി ഇവാന്‍സ് 3, കുലശേഖര നോട്ടൗട്ട് 18, മലിംഗ സി ലീസ്ക് ബി ബെറിങ്ടണ്‍ 12, ചമീര നോട്ടൗട്ട് 12, എക്സ്ട്രാസ് 13, ആകെ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 363.
വിക്കറ്റ് വീഴ്ച: 1-21, 2-216, 3-244, 4-244, 5-289, 6-326, 7-328, 8-331, 9-336.
ബൗളിങ്: ടെയ്ലര് 10-0-46-1, ഇവാന്‍സ് 10-0-72-2, ഡേവി 8-0-63-3, ബെറിങ്ടണ്‍ 6.1-0-31-2, മൈക്കല്‍ ലീസ്ക് 7-0-63-0, കോയ്റ്റ്സര്‍ 4.5-0-39-0, മാറ്റ് മച്ചാന് 4-0-46-1.
സ്കോട്ട്ലന്‍ഡ് ഇന്നിംഗ്സ്
കോയ്റ്റ്സര്‍ സി & ബി മലിംഗ 0, മക്ലിയോഡ് ബി കുലശേഖര 11, മാറ്റ് മച്ചാന് എല്‍ബിഡബ്ല്യു ദില്ഷന് 19, മോംമ്സെന്‍ സി തിരിമന്നെ ബി തീസര പെരേര 60, കോള്മാന് സി തീസര പെരേര ബി കുലശേഖര 70, ബെറിങ്ടണ്‍ നോട്ടൗട്ട് 22, മൈക്കല്‍ ലീസ്ക് സി സംഗക്കാര ബി കുലശേഖര 2, ക്രോസ് സി സംഗക്കാര ബി ചമീര 7, ടെയ്ലര് സി തീസര പെരേര ബി മലിംഗ 3, ജോഷ് ഡേവി സി തിരിമന്നെ ബി ചമീര 4, ഇവാന്‍സ് നോട്ടൗട്ട് 1, എക്സ്ട്രാസ് 9, ആകെ 43.1 ഓവറില്‍ 215ന് ഓള് ഔട്ട്.
വിക്കറ്റ് വീഴ്ച: 1-0, 2-26, 3-44, 4-162, 5-189, 6- 192, 7-200, 8-209, 9-210, 10-215.
ബൗളിങ്: മലിംഗ 9-0-29-2, കുലശേഖര 7-0-20-3, തീസര പെരേര 7-0-41-1, ദില്ഷന് 5-0-15-1, പ്രസന്ന 8-0-57-0, ചമീര 7.1-0-51-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: