വെല്ലിംഗ്ടണ്‍: ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറടിച്ച താരമെന്ന ബഹുമതി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്സ്മാനുമായ ഡിവില്ലിയേഴ്സിന് സ്വന്തം. ഇന്നലെ യുഎഇക്കെതിരായ മത്സരത്തില്‍ നാല് സിക്സറുകള്‍ അടിച്ചതോടെയാണ് ഈ ബഹുമതിക്ക് ഡിവില്ലിയേഴ്സ് അര്‍ഹനായത്.
ആറു മാച്ചുകളില്‍ നിന്നായി 20 സിക്സറാണ് ഡിവില്ലിയേഴ്സ് ഇതുവരെ നേടിയിട്ടുള്ളത്. അഞ്ച് കളികളില്‍ നിന്ന് 18 സിക്സറുകള്‍ അടിച്ചുകൂട്ടിയ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലാണ് തൊട്ടുപിന്നില്‍. 2007-ല്‍ ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡന് 10 ഇന്നിംഗ്സുകളില്‍ നിന്ന് 18 സിക്സറുകള്‍ നേടിയിട്ടുണ്ട്.
കൂടാതെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ കളിക്കാരനെന്ന ബഹുമതിയും ഡിവില്ലിയേഴ്സ് ഇന്നലെ സ്വന്തമാക്കി. 21 മല്‍സരങ്ങളില്‍ നിന്നായി 36 സിക്സറുകളാണ് ഡിവില്ലിയേഴ്സിന്റെ പേരിലുള്ളത്. 31 സിക്സറുകള്‍ നേടിയ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗാണ് രണ്ടാം സ്ഥാനത്ത്.
ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയും (52 പന്തില്‍)അതിവേഗ 150 റണ്‍സും (64 പന്തില്‍) ഡിവില്ലിയേഴ്സ് ഇത്തവണ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. വെസ്റ്റിന്ഡീസിനെതരായ കളിയിലായിരുന്നു ഡിവില്ലിയേഴ്സിന്റെ നേട്ടം.
2013-ല്‍ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയുടെ ഷെയ്ന് വാട്സണ് 83 പന്തില്‍ നിന്ന് നേടിയ 150 റണ്‍സിന്റെ റെക്കോര്‍ഡായിരുന്നു ഡിവില്ലിയേഴ്സ് തിരുത്തിക്കുറിച്ചത്. മാത്രമല്ല ഏകദിന ക്രിക്കറ്റിലെ അതിവേഗ അര്‍ദ്ധസെഞ്ചുറി (16 പന്ത്), സെഞ്ചുറി (31 പന്ത്) എന്നീ റെക്കോര്‍ഡുകളും ഡിവില്ലിയേഴ്സിന്റെ പേരിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: