അഡ്ലെയ്ഡ്: പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആറ് വിക്കറ്റിന്റെ കൂറ്റന്‍ വിജയവുമായാണ് കംഗാരുക്കള്‍ അവസാന നാലിലേക്ക് കുതിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 49.5 ഓവറില്‍ 213 റണ്‍സിന് ഓള് ഔട്ടായി. 41 റണ്‍സെടുത്ത ഹാരിസ് സൊഹൈലാണ് പാക് ടോപ് സ്കോറര്‍.
സൊഹൈലിന് പുറമെ ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖ് 34ഉം സൊഹൈബ് മഖ്സൂദ് 29ഉം റണ്‍സ് നേടി. നാല് വിക്കറ്റ് വീഴ്ത്തിയ ഹെയ്സല്‍വുഡിന്റെ തകര്‍പ്പന്‍ ബൗളിംഗാണ് പാക് നിരയെ തകര്‍ത്തുകളഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 33.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 216 റണ്‍സെടുത്താണ് വിജയം നേടിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഓസ്ട്രേലിയയുടെ ഏഴാം സെമിഫൈനലാണിത്.
ഒരുഘട്ടത്തില്‍ മൂന്നിന് 59 എന്ന നിലയില്‍ പതറിയ ഓസ്ട്രേലിയയെ 65 റണ്‍സ് നേടിയ സ്റ്റീവന്‍സ്മിത്തും പുറത്താകാതെ 64 റണ്‍സ് നേടിയ ഷെയ്ന് വാട്സണും ഗ്ലെന്‍ മാക്സ്വെല്ലും (44 നോട്ടൗട്ട്) ചേര്‍ന്നാണ് വിജയത്തിലേക്ക് നയിച്ചത്. ഹെയ്സല്‍വുഡാണ് മാന്‍ ഓഫ് ദി മാച്ച്. അതേസമയം തുടര്‍ച്ചയായ രണ്ടാം തവണയും സെമിയില്‍ കടക്കാമെന്ന പാക്കിസ്ഥാന്റെ മോഹമാണ് പരാജയത്തോടെ പൊലിഞ്ഞുവീണത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് ഓസീസ് പേസര്‍മാര്‍ക്കെതിരെ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. സ്കോര്‍ 20 റണ്‍സിലെത്തിയപ്പോള്‍ 10 റണ്‍സെടുത്ത സര്‍ഫ്രാസ് അഹമ്മദിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ വാട്സണ് സ്ലിപ്പില്‍ ഉജ്ജ്വലമായി പിടികൂടി. നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഹമ്മദ് ഷെര്‍സാദും മടങ്ങി. 5 റണ്‍സെടുത്ത ഷെഹ്സാദിനെ ഹെയ്സല്‍വുഡിന്റെ ബൗൡഗില്‍ ക്ലാര്‍ക്കാണ് പിടികൂടിയത്.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഹാരിസ് സൊഹൈലും ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖും ഒത്തുചേര്‍ന്നതോടെ പാക്കിസ്ഥാന് തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചു. എന്നാല്‍ മിസ്ബ നേരിട്ട രണ്ടാം പന്തില്‍തന്നെ ബെയ്ല് ഇളകിയെങ്കിലും നിലത്ത് വീഴാതിരുന്നതിനാല്‍ ഔട്ടായില്ല. ഹെയ്സല്‍വുഡ് എറിഞ്ഞ പന്ത് മിസ്ബയുടെ ലെഗ്സ്റ്റമ്പിനെ തട്ടിയാണ് പോയത്. ഒട്ടും വൈകിയില്ല ബെയ്ല് മിന്നിത്തിളങ്ങി. അതുകണ്ട് കീപ്പര്‍ ബ്രാഡ് ഹാഡിന് ഉള്‍പ്പടെയുള്ള ഓസീസ് താരങ്ങള്‍ തുള്ളിച്ചാടി. അപ്പീലുമായി അമ്പയര്‍ ധര്സേനയെ സമീപിച്ചെങ്കിലും ബെയ്ല് വീഴാത്തതിനാല്‍ ധര്‍മസേന ഔട്ടല്ലെന്ന് വിധിക്കുകയും ചെയ്തു.ഐറിഷ് ബാറ്റ്സ്മാന് എഡ് ജോയ്സിനും യുഎഇക്കെതിരായ മത്സരത്തില്‍ ഇതുപോലെ ബെയ്ല് ജീവന് നീട്ടിനല്‍കിയിരുന്നു.
ഇരുവരും ചേര്‍ന്ന് 73 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സ്കോര്‍ 97-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും പിരിഞ്ഞു. 59 പന്തുകള്‍ നേരിട്ട് 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബയെ ഗ്ലെന്‍ മാക്സ്വെല്ലിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ച് കയ്യിലൊതുക്കി. സ്കോര്‍ 112-ല്‍ എത്തിയപ്പോള്‍ പാക് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ ഹാരിസ് സൊഹൈല്‍ (57 പന്തില്‍ 41) ജോണ്‍സന്റെ പന്തില്‍ ഹാഡിന് ക്യാച്ച് നല്കി മടങ്ങി. ഇതിനുശേഷം ക്രീസിലെത്തിയവര്‍ക്കൊന്നും മികച്ച ഇന്നിംഗ്സ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല.
ഉമര്‍ അക്മല്‍ 20 റണ്‍സെടുത്ത് മാക്സവെല്ലിന്റെ പന്തില്‍ ഫിഞ്ചിന് ക്യാച്ച് നല്കി മടങ്ങുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 124 റണ്‍സാണുണ്ടായിരുന്നത്. പിന്നീട് 15 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത അഫ്രീദിയെയും 29 റണ്‍സെടുത്ത സൊഹൈബ് മഖ്സൂദിനെയും ഹെയ്സല്‍വുഡ് യഥാക്രമം ഫിഞ്ചിന്റെയും ജോണ്‍സന്റെയും കൈകളിലെത്തിച്ചതോടെ പാക് നിര 7ന് 188 എന്ന നിലയിലായി. ഇതേ സ്കോറില്‍ തന്നെ എട്ടാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. 16 റണ്‍സെടുത്ത വഹാബ് റിയാസിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഹാഡിന് പിടികൂടി. സ്കോര്‍ 195-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെുത്ത സൊഹൈല്‍ ഖാനെയും ഹെയ്സല്‍വുഡ് ഹാഡിന്റെ കൈകളിലെത്തിച്ചു.
ഒടുവില്‍ ഇഹ്സാന്‍ ആദില്‍ (15) ആണ് സ്കോര്‍ 213-ല്‍ എത്തിച്ചത്. ആറ് റണ്‍സുമായി രാഹത്ത് അലി പുറത്താകാതെനിന്നു. ഓസ്ട്രേലിയക്ക് വേണ്ടി ഹെയ്സല്‍വുഡ് നാലും സ്റ്റാര്‍ക്ക്, മാക്സ്വെല് എന്നിവര്‍ രണ്ടും ജോണ്സണ്, ഫോക്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്കും തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 59 റണ്‍സായപ്പോഴേക്കും മൂന്ന് മുന്‍നിര വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. രണ്ട് റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനെ സൊഹൈല്‍ ഖാന് എല്‍ബിഡബ്ല്യുവിലും 24 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെയും എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിനെയും വഹാബ് റിയാസ് രാഹത്ത് അലിയുടെയും സൊഹൈബ് മഖ്സൂദിന്റെയും കൈകളിലെത്തിച്ചു.
ഇതോടെ കംഗാരുക്കള്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചെങ്കിലും സ്റ്റീവന്‍ സ്മിത്തും ഷെയ്ന് വാട്സണും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ അവര്‍ തിരിച്ചുവന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സ്കോര്‍ 148-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 69 പന്തുകളില്‍ നിന്ന് 7 ബൗണ്ടറികളോടെ 65 റണ്‍സെടുത്ത സ്മിത്തിനെ ഇഹ്സാന്‍ ആദില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
പിന്നീട് ഷെയ്ന് വാട്സണും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ടുനിക്കി. പിന്നീട് പാക് ബൗളര്‍മാര്‍ വെറും കാഴ്ചക്കാരാകുന്നതാണ് കണ്ടത്. 29 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം ശരവേഗത്തില്‍ പുറത്താകാതെ 44 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലിന്റെയും 66 പന്തില്‍ നിന്ന് 7 ഫോറും ഒരു സിക്സറുമടക്കം പുറത്താകാതെ 64 റണ്‍സെടുത്ത ഷെയ്ന് വാട്സന്റെ കരുത്തിലാണ് കംഗാരുക്കള്‍ 97 പന്തുകള്‍ ബാക്കിനില്‍ക്കേ 216 റണ്‍സെടുത്ത് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: