Categories: Travel

ഹൃഷികേശം

Published by

ഇതു വിഷ്‌ണു ഭഗ വാന്റെയും ശിവന്റെയും തുല്യപ്രാധാന്യമുള്ള വാസഭൂമിയാണ്‌. ഗംഗാതീരത്തെ ഈ പുണ്യഭൂമി യിലിരുന്നു തപസ്സു ചെയ്ത്‌ നന്ദമഹാരാജാവ്‌ ശ്രീ പരമേശ്വരനെ പ്രത്യക്ഷനാക്കി. അക്കാലം മുതല്‍ ഇവിടം താപസന്മാരുടെ ആസ്ഥാനമായി അറിയപ്പെടുന്നു. ഹരിദ്വാരില്‍ നിന്നും തീവണ്ടിയിലും ബസിലും ഇവിടെത്താം. ബസില്‍ ഇരുപത്തെട്ടു കിലോമീറ്റര്‍ ദൂരമേയുള്ളു.

ഇവിടെ ഗംഗയുടെ ഇരുകരകളിലായി പ്രകൃതി മനോഹരമായ ഹിമാലയസാനുവില്‍ അനേകം ആശ്രമങ്ങളുണ്ട്‌. സ്വര്‍ഗാശ്രമം, ഗീതാശ്രമം, കൈലാസാശ്രമം, ശിവാനന്ദാശ്രമം, ദയാനന്ദാശ്രമം, മഹേശ്‌യോഗിയുടെ ആശ്രമം മുതലായവ അവയില്‍ പ്രധാനപ്പെട്ടതാണ്‌. ഈ ആശ്രമങ്ങളിലെല്ലാം പലവിധ സമ്മേളനങ്ങളും ആത്മീയ പ്രഭാഷണങ്ങളും ഭക്തിസംവര്‍ദ്ധകങ്ങളായ ഭജനകളുമെല്ലാം നടക്കുക പതിവാണ്‌.

സുപ്രസിദ്ധമായ ലക്ഷ്മണ്‍ഝൂല എന്ന തൂക്കുപാലം ഹൃഷികേശിലാണ്‌. ഇന്ന്‌ ലക്ഷ്മണ്‍ ഝൂലിയ്‌ക്കിപ്പുറം ശിവാനന്ദാശ്രമത്തിനു മുന്നിലാണ്‌ ഗംഗയ്‌ക്കു മുകളില്‍ മറ്റൊരു തൂക്കുപാലം (ഝൂല) പണി തീര്‍ത്തിരിക്കുന്നു. ശിവാനന്ദ ശതാബ്ദിസ്മാരകമായി നിര്‍മ്മിച്ചിരിക്കുന്ന ശിവാനന്ദഝൂലയാണ്‌. ഇതുകൂടാതെ ഇതിനു മുന്നിലായി ശിവാനന്ദ സെന്റിനറി ഗേറ്റ്‌ എന്ന മനോഹരമായ വലിയ കവാടവും ശതാബ്ദി സ്മാരകമായി നിര്‍മ്മിച്ചിട്ടുണ്ട്‌. ഈ ഗേറ്റിലൂടെയാണ്‌ ഉത്തരാഖണ്ഡ്‌ തീര്‍ത്ഥയാത്രയ്‌ക്കു ജനങ്ങള്‍ പോവുന്നത്‌. ഇവിടത്തെ പ്രധാന സ്ഥലങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. ത്രിവേണിഘട്ടം : ഗംഗയിലെ പ്രധാന തീര്‍ത്ഥാടന ഘട്ടമാണ്‌ ഇവിടം. തീര്‍ത്ഥാടകര്‍ ഇവിടെ സ്നാനം ചെയ്യുക പതിവാണ്‌.

2. ഭാരതക്ഷേത്രം : ഇതു ഹൃഷികേശിലെ പ്രധാന ക്ഷേത്രമാണ്‌. ഇതു കൂടാതെ ശ്രീരാമ ക്ഷേത്രം, വരാഹക്ഷേത്രം, ചന്ദ്രേശ്വരക്ഷേത്രം മുതലായി വേറെയും അനേകം ക്ഷേത്രങ്ങളുണ്ട്‌.

3. മുനികീ രേതി: ഹൃഷികേശ്‌ ബസാറില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ്‌ ഈ സ്ഥലം. ഇവിടെയാണ്‌ മുന്‍പറഞ്ഞ കൈലാസാശ്രമവും ശിവാനന്ദാശ്രമവും. ഇവ രണ്ടും ദര്‍ശനീയങ്ങളാണ്‌. ശിവാനന്ദാശ്രമക്കാര്‍ ഡിവൈന്‍ സൊസൈറ്റിയുടെ പേരില്‍ ഇവിടെ നിന്നും അനേകം ഗ്രന്ഥങ്ങള്‍ – അതും ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ – ഇംഗ്ലീഷിലും ഹിന്ദിയിലുമായി പ്രസിദ്ധീകരി ക്കുന്നുണ്ട്‌. അതിന്‌ അവര്‍ക്ക്‌ ഇവിടെ അച്ചുകൂടവുമുണ്ട്‌. ഇവിടെ ദര്‍ശിക്കാന്‍ ധാരാളം വിദേശികള്‍ വന്നു ചേരുക പതിവാണ്‌.

4. സ്വര്‍ഗാശ്രമം : മുനികീ രേതിയില്‍ നിന്നും വള്ളത്തിലോ ബോട്ടിലോ ഗംഗ കടന്നാണ്‌ മുന്‍പ്‌ ആളുകള്‍ ഇവിടെയെത്തിയിരുന്നത്‌. ഇപ്പോള്‍ ശിവാനന്ദഝൂല ഉള്ള വിവരം പറഞ്ഞത്‌ ഓര്‍ക്കുക. ഇവിടത്തെ പരമാര്‍ത്ഥ നികേതനും ശങ്കരാചാര്യനഗറും ദര്‍ശനീയങ്ങളാണ്‌.

5. ലക്ഷ്മണ്‍ഝൂല : മുനികീ രേതിയില്‍ നിന്നു രണ്ടു കിലോമീറ്റര്‍ മുന്നോട്ടു ചെല്ലുമ്പോള്‍ ലക്ഷ്മണ്‍ഝൂല എന്ന സുപ്രസിദ്ധമായ തൂക്കുപാലം കാണാം. ഈ പാലം കടന്നുചെല്ലുന്നതു സ്വര്‍ഗാശ്രമപാതയിലാണ്‌. ഇവിടത്തെ ലക്ഷ്മണക്ഷേത്രം വളരെ പ്രധാനമാണ്‌. രാമായണകാലത്ത്‌ ലക്ഷ്മണനു ഗംഗ കടക്കാന്‍ വനവാസികള്‍ ഒരു പാലമുണ്ടാക്കി കൊടുത്തു. ആ സ്ഥാനത്താണ്‌ ഇന്നു കാണുന്ന ലക്ഷ്മണ്‍ ഝൂല എന്നു കരുതാം.

ഹൃഷികേശിന്റെ പൗരാണികനാമം ‘കുടജാമ്രകം’ എന്നാണ്‌. ഇത്‌ തപസ്ഥലിയാണ്‌.

– സ്വാമി ധര്‍മാനന്ദ തീര്‍ത്ഥ

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts