ഹിമാചല്‍പ്രദേശിലെ പ്രധാന പട്ടണമാണ് കാംഗഡാ. പഞ്ചാബിലെ പത്താന്കോട്ടു നിന്നും അറുപതുകിലോമീറ്റര്‍ വടക്കായിട്ടാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇതിന് ഒരു കിലോമീറ്റര്‍ അപ്പുറത്ത് കാംഗഡാക്ഷേത്രം സ്റ്റേഷനുണ്ട്. സ്റ്റേഷനില്‍ നിന്നു ക്ഷേത്രത്തിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്. പത്താന്കോട്ടു നിന്നു ബസില്‍ വന്നാല്‍ ക്ഷേത്രത്തിലേക്ക് അരകിലോമീറ്റര്‍ നടന്നാല്‍ മതി.
കാംഗഡായിലെ പ്രധാനക്ഷേത്രത്തില്‍ മഹാമായ വജ്രേശ്വരി (വിദ്യേശ്വരി) ദേവിയാണ്. ഇവിടെ അനേകം ധര്‍മ്മശാലകളുണ്ട്. ഇതും അന്‍പത്തൊന്നു ശക്തിപീഠങ്ങളില്‍ ഒന്നാണെന്നു പറയപ്പെടുന്നു. ഇവിടെ സതിയുടെ തലയോടു പതിച്ചു. ക്ഷേത്രത്തില്‍ തലയോടിന്റെ പ്രതിമയുണ്ട്. ദേവിക്ക് അഭിമുഖമായി വെള്ളിപ്പീഠത്തില്‍ വാഗയന്ത്രമുണ്ട്. ഈ ക്ഷേത്രത്തില്‍ ജാലാന്തരപീഠത്തിലെ ശക്തി ത്രികോണാകൃതിയിലുള്ളതാണ്. വേറെയും രണ്ടു ക്ഷേത്രം ഇവിടെയുണ്ട്. ജ്വാലാമുഖിയും ചിന്ത്യപൂര്ണ്ണിയും.
അടുക്കലുള്ള തീര്‍ത്ഥം – കാംഗഡായില്‍ നിന്ന് ഒന്പതുകിലോമീറ്റര് അകലെയാണ് നഗരത്തിലെ കോട്ടാസ്റ്റേഷന്. സ്റ്റേഷനില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെ പര്‍വ്വതത്തിനു മുകളിലായി ചാമുണ്ഡിദേവിയുടെ ക്ഷേത്രം കാണാം. പര്‍വ്വതത്തിന്റെ മറ്റൊരു ഭാഗത്ത് ഭവ്യശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു.
വൈദ്യനാഥ് പാപ്രോലാ – ഈ സ്റ്റേഷന് കോട്ടാനഗരത്തില് നിന്ന് ഇരുപത്തിമൂന്നു കിലോമീറ്റര്‍ അകലെയാണ്. അങ്ങോട്ടു ബസ് സര്‍വ്വീസുണ്ട്. ഇവിടെ വൈദ്യനാഥക്ഷേത്രമാണുള്ളത്. ഇത് ദ്വാദശ ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു.
.
ജ്വാലാമുഖി
പത്താന്കോട്ടു നിന്ന് വൈദ്യനാഥ് – പാപ്രോലയ്ക്കു പോകുന്ന റെയില്‍വേ ലൈനിലാണ് ജ്വാലാമുഖി സ്റ്റേഷന്. കാംഗഡായില്‍ നിന്നു ബസില്‍ വരികയാണ് എളുപ്പം. എന്തെന്നാല്‍ സ്റ്റേഷനില്‍ നിന്നും പതിമൂന്നു കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. ബസ് ക്ഷേത്രത്തിനു രണ്ടു ഫര്‍ലോംഗ് അടുത്തു വരെ വരും. ബസ്സ്റ്റേഷനു സമീപം നല്ല ഒരു ധര്‍മ്മശാലയുണ്ട്.
ഇവിടത്തെ ദേവീക്ഷേത്രവും അന്‍പത്തൊന്നു ശക്തിപീഠങ്ങളില്‍ ഒന്നാണ്. ഇവിടെയാണ് സതിയുടെ നാവു വീണത്. ക്ഷേത്രം വളരെ വിശാലമാണ്. ഇവിടെ വിഗ്രഹമൊന്നുമില്ല. സിംഹാസനം പോലെ കാണപ്പെടുന്ന സ്ഥലത്തും അതിനു മുന്നിലെ കുണ്ഡത്തിലും ഭൂമിയില്‍ നിന്ന് അഗ്നിജ്വാലപോലുള്ള ജ്യോതിസ്സുണ്ടാവുന്നു. ഇതിനെ ദേവിയായി പരിഗണിക്കുന്നു. ഇതേമാതിരി ജ്യോതിസ്സ് വേറെയും മൂന്നു നാലു ദിക്കുകളില്‍ നിന്നും പ്രാദുര്ഭവിക്കുന്നുണ്ട്. ഇവയില്‍ ക്ഷേത്രപുരോഭാഗത്തും പശ്ചാദ്ഭാഗത്തുമുള്ളവ കെടുകയും കത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. സമീപത്തു വേറെയും ക്ഷേത്രങ്ങളുണ്ട്.
തീര്‍ത്ഥാടകര്‍ ജ്വാലാമുഖിയില്‍ പാല്, ജലം, പേഡ മുതലായവ നിവേദിക്കുന്നു. ഇവിടെ നിന്ന് അല്പംദൂരം മുകളില്‍ ചെന്നാല്‍ അര്ജ്ജുനദേവന്റെ ക്ഷേത്രം കാണാം.
ചിന്ത്യപൂര്ണ്ണി
ജാലാന്തരത്രികോണ ശക്തികളില്‍ ഇതു മൂന്നാമത്തേതാണ്. ഈ ക്ഷേത്രം ഹോഷിയാര്‍പൂര്‍ ജില്ലയിലാണ്. ഹോഷിയാര്‍പൂര്‍ നിന്നും പത്താന്കോട്ടു നിന്നും ബസ്മാര്‍ഗ്ഗം ഇവിടെ വന്നെത്താം.
ദേവീക്ഷേത്രത്തിലെത്താന് നൂറ്ററുപതു പടികള്‍ കയറണം. ഇവിടെയും ദേവീവിഗ്രഹം ഇല്ല. കാംഗഡാക്ഷേത്രത്തിലെപ്പോലെയാണ്. ഉരുണ്ട ശിലയാണ് കാണുന്നത്. യന്ത്രങ്ങളാല്‍ ഇവിടെ ദേവി പൂജിക്കപ്പെടുന്നു.
ശാംകംഭരി
സഹറാന്‍പൂരില്‍ നിന്ന് ഇരുപത്താറു കിലോമീറ്റര്‍ ബസില്‍ യാത്ര ചെയ്താല്‍ ശാകംഭരിക്ഷേത്രത്തിലെത്താം. ഈ ക്ഷേത്രം മലകളാല്‍ ചുറ്റപ്പെട്ടാണു സ്ഥിതി ചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ മുന്നിലായി ഭൈരവക്ഷേത്രമുണ്ട്.ക്ഷേത്രത്തില്‍ ശാംകഭരിദേവി കൂടാതെ ഭീമാദേവി, ഭ്രാമരിദേവി, ശതാക്ഷിദേവി ഇവരുടെ വിഗ്രഹങ്ങളുമുണ്ട്. ഇവയെല്ലാം ശ്രീശങ്കരാചാര്യസ്വാമികളാണു പ്രതിഷ്ഠിച്ചതെന്നു പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: