നമുക്ക് ആയിരക്കണക്കിനു താരങ്ങളേയുള്ളൂ.നടീനടന്മാര്‍ കുറവാണ്.എപ്പോഴും ഉണ്ടാകുന്ന താരങ്ങളേക്കാള്‍ വല്ലപ്പോഴും രൂപപ്പെടുന്ന നടീനടന്മാര്‍ തീര്‍ക്കുന്ന കഥാപാത്രങ്ങളാണ് പ്രേക്ഷകരില്‍ ആണിയടിച്ചപോലെ തറഞ്ഞിരിക്കുന്നത്.
സത്യനും മോഹന്‍ലാലുമൊക്കെ കഥാപാത്രങ്ങളിലൂടെ ജീവിച്ചുകൊണ്ടിരിക്കും.താരങ്ങള്‍ കഥാപാത്രങ്ങളാകാതെ പൊലിഞ്ഞുപോകും.അങ്ങനെ താരമായി പൊലിഞ്ഞുപോകാതെ തലമുറകളിലൂടെ കഥാപാത്രമായി ജീവിക്കാനുള്ള ദീര്‍ഘായുസുണ്ട് അന്തരിച്ച മഹാനടന്‍ ഓംപുരിക്ക്. പരിക്കന്‍ മുഖത്തിന്റെ എതിര്‍ സൗന്ദര്യമുള്ളതുകൊണ്ടാവാം ഓംപുരിയുടെ നടന കാന്തിയെന്നു മാത്രം പറയാനാവില്ല.
നൈതിക നടന വൈഭവത്തിനു അത്തരമൊരു വദന പൗരുഷം ചേരുവയായെന്നു മാത്രം. 40 വര്‍ഷങ്ങളില്‍ നൂറുകണക്കിനു സിനിമകള്‍ ഓംപുരി ചെയ്തില്ല.എണ്ണങ്ങളേക്കാള്‍ എണ്ണം പറഞ്ഞവയാണ് ഓംപുരി സിനിമകള്‍.ഓംപുരിയുടെ അഭിനയ പ്രതിഭ ഓരോന്നിലും വേറിട്ടു പ്രതിഷ്ഠിക്കപ്പെട്ടു പോന്നതാണ് അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും.ഓരോന്നിലും ഓരോ ഓംപുരിയെ നാം കണ്ടു.
1976ല്‍ വിജയ് ടെണ്ടുല്‍ക്കറുടെ ഖാഷിറാം ക്വത്വാള്‍ എന്ന മറാഠി നാടകം അതേ പേരില്‍ കെ.ഹരിഹരനും മണി കൗളും സംവിധാനം ചെയ്ത സിനിമയാണ് ഓംപുരിയുടെ ആദ്യ ചിത്രം.തുടര്‍ന്നങ്ങോട്ട് വിവിധ ഭാഷകളിലായി ,ആ പരിക്കന്‍ മുഖത്തു ഒളിച്ചിരുന്ന നിരവധി കഥാപാത്രങ്ങള്‍ പുറത്തു ചാടി.നടനത്തിന്റെ പുതിയ വ്യാകരണങ്ങളും ചലനങ്ങളുടെ വ്യത്യസ്ത ഛന്ദസുകളും പ്രേക്ഷകന്‍ അറിഞ്ഞു.തുടര്‍ന്നു വിവിധ ഭാഷകളിലെ സിനിമകള്‍ അദ്ദേഹത്തെ ഏറ്റെടുത്തു.
ഭാവ്‌നി ഭവായി,സദ്ഗതി,ആരോഹണ്‍,അര്‍ദ് സത്യ,മിര്‍ച്ച് മസാല,ധാരാവി തുടങ്ങിയ സാമൂഹ്യ പ്രതിബദ്ധതകളുള്ള സിനിമകളിലൂടെ ഓം പുരി എന്ന മനുഷ്യനിലേയും നടനിലേയും വ്യക്തിത്വംകൂടി ജനം തിരിച്ചറിഞ്ഞു.ഒരു താരത്തിനേക്കാള്‍ മികവുള്ളതാണ് നടനെന്ന മൂല്യം എന്നത് നമ്മുടെ പ്രേക്ഷകന്‍ തിരിച്ചറിഞ്ഞത് ഈ നടനിലൂടെയാണ്. പിന്നീട് ദേശീയ അന്തര്‍ ദേശീയ പുരസ്‌ക്കാരങ്ങളുടെ വലിയ നിര തന്നെ ഓം പുരി എന്ന പേരിനൊപ്പം ചേര്‍ന്നു.
മൂന്നു മലയാള സിനിമയിലും ഓംപുരി അഭിനയിച്ചു.1988ല്‍ പുരാവൃത്തം.ആ വര്‍ഷം തന്നെ സംവല്‍സരങ്ങള്‍.കഴിഞ്ഞ വര്‍ഷം ജയറാമിനൊപ്പം ആടുപുലിയാട്ടം. ഹരിയാനയിലെ പഞ്ചാബി കുടുംബത്തില്‍ ജനിച്ച അദ്ദേഹം 66ാം വയസില്‍ കടന്നു പോകുമ്പോള്‍ അവസാനിക്കാത്തെ സിനിമാക്കാഴ്ചകളില്‍ ആ പരിക്കന്‍ മുഖം ആടിത്തിമിര്‍ത്ത മികവിന്റെ ബദല്‍ സൗന്ദര്യവും കൂടി ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: