തൊഴില്‍ മേഖലയെ വിവിധ കോളറുകളായി നാം തിരിച്ചിരിക്കുന്നു, വെളളക്കോളര്‍, നീലക്കോളര്‍, പിങ്ക് കോളര്‍ ഇങ്ങനെ നീളുന്നു അത്. വെളളക്കോളര്‍ ജോലിയോട് എല്ലാവര്ക്കും താത്പര്യം കൂടുതലാണ്. കാരണം കോളര്‍ ചുളുങ്ങാതെ പഞ്ചനക്ഷത്രസൗകര്യത്തില്‍ ജോലി ചെയ്യാമെന്നത് തന്നെ.
ബ്ലൂ കോളര്‍ അഥവാ നീലക്കോളറിനോട് ആര്‍ക്കും വലിയ താത്പര്യമില്ല. കാരണം അത് അദ്ധ്വാനം ഏറെ വേണ്ടുന്ന ജോലിയാണ്. നമ്മുടെ നാടന്‍ ഭാഷയില്‍ കൂലിപ്പണി. എന്നാല്‍ എന്താണ് ഈ പിങ്ക് കോളര്‍ എന്നാകും ഇപ്പോള്‍ ആലോചിക്കുന്നത് അല്ലേ. പറയാം.
നഴ്സിംഗ്, അധ്യാപനം, ഹോട്ടലുകളിലെ ഭക്ഷണം വിളമ്പല്‍ തുടങ്ങിയ തൊഴിലുകളാണ് പിങ്ക് കോളര്‍ എന്ന സംജ്ഞയ്ക്ക് ഉളളില്‍ വരുന്നത്. നമുക്കറിയാം പഠിപ്പിക്കലും ശുശ്രൂഷിക്കലുമെല്ലാം എന്നും സ്ത്രീകള്‍ക്ക് തന്നെ മാറ്റി വച്ചിട്ടുളള തൊഴിലുകളാണ്. പണ്ടേ ഈ രംഗത്ത് സ്ത്രീകളാണ് ഏറെയും. അധ്യാപനത്തില്‍ ഏറെ മാറ്റങ്ങള്‍ നേരത്തെ തന്നെ വന്നിരുന്നെങ്കിലും നേഴ്സിംഗിലേക്ക് കടന്ന് വരാന്‍ പുരുഷന്മാര് ഏറെ വൈമനസ്യം കാട്ടിയിരുന്നു. എന്നാലിന്ന് ഇതിനൊരു മാറ്റമുണ്ട്. ചെറിയ തോതില്‍ പുരുഷന്മാര് ഈ രംഗത്തേക്ക് വരുന്നുണ്ട്.
പത്ത് നഴ്സുമാരെ എടുത്താല്‍ ഒരു പുരുഷന് ഉണ്ടാകും. എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് രംഗത്തും സാമൂഹ്യ പ്രവര്‍ത്തനത്തിലും കൗണ്‍സിലിംഗ് മേഖലയിലും സ്ത്രീകള്‍ തന്നെയാണ് തിളങ്ങുന്നത്. എന്നാല്‍ ഇതിനെതിരെ സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഇതൊരു അസന്തുലിതത്വം സൃഷ്ടിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സമ്പദ്ഘടനയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇരുപക്ഷത്തിന്റെയും കൂട്ടായ്മ ഉണ്ടാകണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളുടെ ജോലി എന്ന ലേബല്‍ പലപ്പോഴും കമ്പനികളെ പ്രതിസന്ധിയിലാക്കുന്നതായി ബിഹേവിയറല്‍ സാമ്പത്തിക വിദഗ്ധയായ തെരേസ ഘിലാല്ഡുസി ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയൊരു സാഹചര്യം മൂലം പലപ്പോഴും മികച്ച ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത സ്ഥിതി സംജാതമാകുന്നു.
സ്ത്രീകള്‍ കയ്യടക്കി വച്ചിരിക്കുന്ന ചില മേഖലകള്‍ നമുക്ക് പരിശോധിക്കാം.
നഴ്സിംഗ് രംഗത്താണ് സ്ത്രീകള്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുന്നത്. ഈ രംഗത്ത് 91.10ശതമാനവും സ്ത്രീകളാണ്. തൊട്ടുപിന്നില്‍ പ്രാഥമിക-മധ്യ വിദ്യാലയങ്ങളിലെ അധ്യാപകരാണ്. ഈ മേഖലയിലെ 81.80 പേരും സ്ത്രീകളാണ്. സാമൂഹ്യ പ്രവര്‍ത്തകരുടെ എണ്ണം 80.80ശതമാനമാണ്. മീറ്റിംഗ് ആന്‍ഡ് കണ്വന്ഷന് പ്ലാനര്‍മാരായി പ്രവര്‍ത്തിക്കുന്നവരില്‍ 78.80ശതമാനവും സ്ത്രീകളാണ്.
മെഡിക്കല്‍ ആന്‍ഡ് ആരോഗ്യ സേവന മാനേജിംഗ് രംഗത്ത് 72.50 ആണ് സ്ത്രീകളുടെ പങ്കാളിത്തം. കൗണ്‍സിലിംഗ് മേഖലയില്‍ 71.2ശതമാനവും സ്ത്രീകളാണ്. നികുതി കണക്കാക്കലിലും പെണ് ആധിപത്യമാണ്. ഇവിടെ 71.3ശതമാനമാണ് പെണ്ണുങ്ങള്. സാമൂഹ്യ-സമുദായിക സേവനരംഗത്ത് 70.2ശതമാനമാണ് സ്ത്രീകളുടെ പങ്കാളിത്തം.
ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് മേഖലയില്‍ 69.3ശതമാനം പെണ്ണുങ്ങളുണ്ട്. മനഃശാസ്ത്ര വിദഗ്ധകളുടെ എണ്ണം 66.7ശതമാനമാണ്. നികുതി പരിശോധകര്, ശേഖരിക്കല്‍, റവന്യൂ ഏജന്റ്സ് മേഖലകളില്‍ 66.10 സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക വിദഗ്ധരുടെ കൂട്ടത്തില്‍ 64.10 ആണ് സ്ത്രീകള്‍. വിദ്യാഭ്യാസരംഗത്തെ ഭരണ മേഖലയില്‍ 63ശതമാനം വനിതകളുണ്ട്.
മറ്റ് വ്യവസായ നടത്തിപ്പില്‍ 63ശതമാനമാണ് സ്ത്രീകള്‍. പരസ്യ, പ്രെമോഷന് മേഖലയില്‍ 61.10 വനിതകളുണ്ട്. അക്കൗണ്ടന്റുമാരും ആഡിറ്റര്‍മാരുമായും പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ എണ്ണം 60.1 ശതമാനമാണ്. പബ്ലിക് റിലേഷന്‍ മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ 60ശതമാനം വരും. ഇന്‍ഷ്വറന്‍സ് അണ്ടര്‍ റൈറ്റേഴ്സ് ആയി 59.3ശതമാനം സ്ത്രീകളുണ്ട്. ക്ലയിംസ് അഡ്ജസ്റ്റേഴ്സ്, അപ്രൈയ്സേഴ്സ്, പരിശോധകര്, അന്വേഷകരായി 57.40 ശതമാനം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നു. മൃഗാരോഗ്യരംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം 56ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: