പയ്യന്നൂര്‍ : പയ്യന്നൂരിലെ ഹക്കീം വധക്കേസിലെ പ്രതികളില്‍ ചിലര്‍ കൂടി സിബിഐ കസ്റ്റഡിയിലായെന്ന് സൂചന. സംഭവത്തില്‍ നാല് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊറ്റി കുനിവില്ലയില്‍ കെ.പി.അബ്ദുള്‍ നാസര്‍, കൊറ്റി ഏലാട്ട് അബ്ദുസലാം, കൊറ്റി ഫാസില്‍മന്‍സിലില്‍ ഇസ്മായില്‍, പയ്യന്നൂരിലെ മഹമ്മൂദ് മന്‍സിലില്‍ എം.പി.മുഹമ്മദ് റാഫിക് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ മുഹമ്മദ് റാഫീഖ് ഒഴികെയുള്ളവരെയെല്ലാം കൂടുതല്‍ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയില്‍ വിട്ടുകിട്ടിയിട്ടുണ്ട്. വ്യാഴാഴ്ച അറസ്റ്റിലായ മുഹമ്മദ് റാഫിഖിനെ അടുത്ത ദിവസം തന്നെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടും.
2014 ഫെബ്രുവരി 10ന് പുലര്‍ച്ചെയാണ് പയ്യന്നൂര്‍ തെക്കെ മമ്പലത്തെ എം.ദാമോദരന്‍ എന്ന ഹക്കീം (45) കൊലചെയ്യപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ച ശേഷം ലോട്ടറി വില്‍പനക്കൊപ്പം കൊറ്റി ജുമാ മസ്ജിദ് റിസീവറായി ജോലി ചെയ്ത് വരവേയാണ് സംഭവം. തലേ ദിവസം രാത്രി ഏഴരയോടെ പള്ളിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കുന്നതിനായി വീട്ടില്‍നിന്നിറങ്ങിയ ഹക്കീമിനെ കാണാതായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഹക്കീമാണെന്ന് തിരിച്ചറിഞ്ഞത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷം തെളിവുകളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്.
കേസില്‍ അറസ്റ്റിലായ അബ്ദുള്‍നാസര്‍ സംഭവം നടക്കുമ്പോള്‍ പള്ളിയോട് ചേര്‍ന്നുള്ളമദ്രസ നിര്‍മ്മാണ കമ്മറ്റി ചെയര്‍മാനായിരുന്നു. അറസ്റ്റിലായ അബ്ദുസലാം, ഇസ്മയില്‍ എന്നിവര്‍ പള്ളിക്കമ്മറ്റിയുടെ അന്നത്തെ പ്രസിഡണ്ടും സെക്രട്ടറിയുമായിരുന്നു. മുഹമ്മദ് റഫീഖ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പള്ളിയിലേക്ക് മണല്‍ എത്തിച്ചിരുന്ന ആളാണ്. ചിട്ടിപിരിവ് വഴി കിട്ടിയിരുന്ന പണം കമ്മറ്റിയിലെ ചിലര്‍തിരിമറിനടത്തിയെന്നും ഇത് വെളിപ്പെടുത്തുമെന്ന് ഹക്കീം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് കൊലനടന്നതെന്നുമാണ് സിബിഐയുടെകണ്ടെത്തല്‍. ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയത്.
നിരവധി അന്വേഷണ സംഘങ്ങള്‍ കേസന്വേഷണത്തിനായി എത്തിയിരുന്നെങ്കിലും എല്ലാ അന്വേഷണങ്ങളും പാതിവഴയില്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍ മുന്‍കാല അന്വേഷണ സംഘാംഗങ്ങള്‍ വിട്ടുകളഞ്ഞ ചില കണ്ണികളെ കണ്ടെത്തിയതോടെയാണ് ഹക്കീം വധക്കേസില്‍ വഴിത്തിരിവായത്.
















