കട്ടപ്പന: നാടിനെയും നഗരത്തെയും പൊള്ളിച്ച് വേനല്‍ കത്തിക്കാളുന്നു. പുറത്തിറങ്ങിയാല്‍ പൊള്ളും, അകത്തിരുന്നാല്‍ പുകയുന്ന അവസ്ഥയുമാണിപ്പോള്‍. കടുത്ത ചൂട് കണക്കിലെടുത്ത് ഉച്ചയ്‌ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ക്കു വിശ്രമം നല്‍കണമെന്നാണു നിര്‍ദേശം. കഴിഞ്ഞ മാസം പലയിടത്തും വേനല്‍മഴ പെയ്തതു ജനങ്ങള്‍ക്ക് അല്‍പം ആശ്വാസമായെങ്കിലും മഴ പിന്‍മാറിയതോടെ ചൂട് അസഹ്യമായ നിലയിലാണ്. മൂന്ന് വര്‍ഷം മുമ്പ് വരെ ഹൈറേഞ്ചില്‍ വേനലിലും കുളിര്‍മയുള്ള കാലാവസ്ഥയാണ് അനുഭവപ്പെട്ടിരുന്നതെങ്കിലും ഇന്ന് അതും മാറിയിരിക്കുകയാണ്.
അന്തരീക്ഷം മേഘാവൃതമായത് മൂലം അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. മനുഷ്യരെ മാത്രമല്ല, വളര്‍ത്തുമൃഗങ്ങളെയും ചൂട് തളര്‍ത്തുന്നു. പല പ്രദേശങ്ങളും രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണിപ്പോള്‍. ജലസ്രോതസ്സുകള്‍ പലതും വറ്റിവരണ്ടതോടെ പല പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമായി. വേനല്‍ കടുത്തത് പല കുടിവെള്ള പദ്ധതികളെയും ബാധിക്കുന്നുണ്ട്. ജില്ലയിലെ ഒരു ഡസനിലധികം വരുന്ന അണക്കെട്ടുകളിലെ ജലനിരപ്പും താഴുകയാണ്. വനംവന്യജീവി സമ്പത്തിനും വേനല്‍ ഭീഷണിയായിട്ടുണ്ട്. ഹൈറേഞ്ചിലെ തോടുകളും പുഴകളും വറ്റിയ നിലയിലാണ്. മലയോരമേഖലയില്‍ ഒരിറ്റുവെള്ളം കിട്ടാത്ത അവസ്ഥയാണ്. മലയോരമേഖലയിലെ ജലസ്രോതസുകള്‍ എല്ലാം വറ്റിയതോടെ കുളിക്കാനും നനയ്‌ക്കാനും എല്ലാം കിലോമീറ്ററുകള്‍ അകലെയുള്ള ജലസംഭരണികളെയാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്. വനാതിര്‍ത്തികളോടു ചേര്‍ന്ന ജനവാസ മേഖലകളിലേക്ക് ജലം തേടി വന്യമൃഗങ്ങള്‍ എത്തുന്നതും ജനത്തിനു ഭീഷണിയായിട്ടുണ്ട്. ഒരുമാസത്തിനിടെ മൂന്നാര്‍, രാജാക്കാട് മേഖലയില്‍ നിരവധി തവണയാണ് ആനയുള്‍പ്പെടെയുള്ള മൃഗങ്ങള്‍ ഇറങ്ങിയത്.
വനത്തില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം. വേനല്‍ക്കാല രോഗങ്ങളും ജില്ലയുടെ പല ഭാഗങ്ങളിലും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചൂടു കൂടുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇരുചക്രവാഹനയാത്രകള്‍ ചൂടേറിയ സമയങ്ങളില്‍ ഒഴിവാക്കാനും വെള്ളം ധാരാളം കുടിക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. വരും ദിവസങ്ങളിലും വേനല്‍മഴയെത്തുമെന്ന പ്രതീക്ഷയിലാണു ജനം.
















