കൊട്ടാരക്കര: കുണ്ടറ നാന്തിരിക്കലിലെ പതിനാലുകാരന്‍ സജുവിന്റെ ദുരൂഹമരണം സംബന്ധിച്ച് കേസ് ഇനിയും ക്രൈംബ്രാഞ്ചിന് കൈമാറിയില്ല. നേരത്തെ നടന്നുകൊണ്ടിരുന്ന പോലീസ് അന്വേഷണവും നിലച്ചു. സജുവിന്റെ മാതാവ് സുവര്‍ണ്ണ നല്‍കിയ പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കൊട്ടാരക്കര ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമായത്. കേസ് ക്രൈംബ്രാഞ്ചിന് വിട്ടുവെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതല്ലാതെ ഇത് സംബന്ധിച്ചുള്ള ഉത്തരവുണ്ടായില്ലെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. നിലവിലുള്ള അന്വേഷണസംഘം പിന്‍വാങ്ങുകയും ചെയ്തു. 2010 മെയ് മാസത്തിലാണ് സജുവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയം ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടും പോലീസ് വേണ്ടത്ര ജാഗ്രത കാട്ടിയിരുന്നില്ല. സുവര്‍ണ്ണയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ അകത്തായ വിക്ടറിനെയും മകന്‍ ഷിബുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസിന് തെളിവ് കണ്ടെത്തുക പ്രയാസമായതിനാലാണ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് റൂറല്‍ എസ്പി ശിപാര്‍ശ ചെയ്തത്. ഇതോടെ നിലവിലുള്ള അന്വേഷണസംഘം കേസില്‍ നിന്നും പിന്‍മാറി. ക്രൈംബ്രാഞ്ച് നാളിതുവരെ കേസ് ഏറ്റെടുത്തതുമില്ല. ഏറെ വിവാദമായ കുണ്ടറ പീഡനക്കേസിന്റ ഭാഗമാണ് സജുവിന്റെ മരണമെന്നിരിക്കെ കേസ് അന്വേഷണം പൂര്‍ണമായും നിലച്ചത് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയാണ്.
















