പത്തനാപുരം: അന്യസംസ്ഥാനതൊഴിലാളി നാട്ടിലേക്കയക്കാന്‍ വച്ച പണവും മൊബൈല്‍ ഫോണും ബംഗാള്‍ സ്വദേശികളായ തൊഴിലാളികള്‍ കവര്‍ന്നതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചയോടെ പത്തനാപുരം എസ്ബിഐ ബാങ്കിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഷാരൂഖ് ഖാന്റെ പണവും ഫോണുമാണ് നഷ്ടപ്പെട്ടത്. നാട്ടിലേക്ക് പണം അയയ്‌ക്കുന്നതിനായി അയ്യായിരം രൂപയുമായി ഇയാള്‍ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ ബാങ്കിലെത്തിയത്. അല്‍പസമയം കഴിഞ്ഞ് ബാങ്കിലെത്തിയ രണ്ട് ബംഗാള്‍ സ്വദേശികള്‍ തങ്ങള്‍ക്ക് നാട്ടിലേക്ക് പണം അയയ്‌ക്കണമെന്ന് പറഞ്ഞ് ഒരുകെട്ടും ബാങ്കിന്റെ വിവരങ്ങളും ഇയാളെ ഏല്പിച്ചു മടങ്ങി. അല്‍പ സമയംകഴിഞ്ഞ് ഇരുവരും തിരികെ എത്തി തങ്ങള്‍ തന്ന കെട്ടില്‍ അധികം പണമുണ്ടെന്നും കൈയിലുള്ള പണം തങ്ങള്‍ക്ക് തരാനുമാവശ്യപ്പെട്ട ഇവര്‍ അത്യാവശ്യമായി വിളിക്കാന്‍ ഫോണ്‍ കൂടി ആവശ്യപ്പെട്ടു. പുറത്തുപോയ ഇവര്‍ തിരികെ എത്താന്‍ വൈകിയതോടെ കെട്ട് തുറന്ന് നോക്കിയപ്പോഴാണ് പണമല്ലെന്ന് ബോധ്യപ്പെട്ടത്.കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ഷാരൂഖ്ഖാന്‍ പത്തനാപുരം പോലീസില്‍ പരാതി നല്‍കി.
















