ഓയൂര്‍: കീഴൂട്ട് ദേവീക്ഷേത്രത്തിലെ ക്ഷേത്രഭാരവാഹികളെയും ഭക്തരെയും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഓയൂര്‍ ചന്ദനക്കാട്ടില്‍ എബിന്‍ സി. ബാബുവിനെതിരെയാണ് പരാതി. ഉത്സവ ആഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ തടസപ്പെടുത്തുവാനും ശ്രമിച്ചു. ഇതിനെതിരെ പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ രാഷ്‌ട്രീയസ്വാധീനത്താല്‍ പോലീസ് ഏകപക്ഷീയമായി ക്ഷേത്രഭാരവാഹികളെ കേസില്‍ പ്രതി ചേര്‍ക്കുകയാണുണ്ടായത്. പോലീസ് നീക്കത്തില്‍ കേരള ക്ഷേത്രസംരക്ഷണസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇതിനു മുമ്പും ക്ഷേത്രമേല്‍ശാന്തിയെ ക്ഷേത്രഗ്രൗണ്ടില്‍ വച്ച് മര്‍ദ്ദിക്കാന്‍ ശ്രമിച്ചതിനും അസഭ്യം വിളിച്ചതിനും മാര്‍ഗതടസ്സം സൃഷ്ടിച്ചതിനും ഇയാള്‍ക്കെതിരെ പൂയപ്പള്ളി സ്റ്റേഷനില്‍ പരാതി നല്‍കിയതാണ്. അന്നും കേസെടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുകയാണ് ഉണ്ടായത്.
പരാതിയില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വിശ്വാസികളെ സംഘടിപ്പിച്ച് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള ക്ഷേത്രസംരക്ഷണ സമതി താലൂക്ക് സെക്രട്ടറി അമ്പലംകുന്ന് വിജയനും പ്രസിഡന്റ് ഓയൂര്‍ രാജേന്ദ്രന്‍ പിള്ളയും അറിയിച്ചു.
















