തൊടുപുഴ: ന്യൂമാന്‍കോളേജില്‍ നടന്ന എസ്എഫ്‌ഐ ആക്രമണത്തിന് ഒത്താശപാടി പോലീസും. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണ് പോലീസ് ചെയ്തത്. കോളേജില്‍ ആക്രമണം ഉണ്ടായപ്പോഴും ഇവിടെ വച്ച് ചര്‍ച്ച നടത്താതെ പ്രിന്‍സിപ്പലിനെ അടക്കം തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ച് വരുത്തി ചര്‍ച്ച നടത്തിയത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലെന്നും പോലീസ് പറയുന്നില്ല. പ്രശ്‌നമുണ്ടാക്കിയവരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്ത് നീക്കാതെയായിരുന്നു സമവായ ചര്‍ച്ചയും നടത്തിയത്.
രണ്ട് മണിക്കൂറുകളോളം പ്രിന്‍സിപ്പിലിന്റെ ഓഫീസ് ഉപരോധിച്ച ശേഷം പൊടുന്നനെ എസ്എഫ്‌ഐ കുട്ടിഗുണ്ടകള്‍ ആക്രമം അഴിച്ച് വിടുകയായിരുന്നു. ഇതേ സമയം പ്രശ്‌നമുണ്ടാകുമെന്നറിഞ്ഞ് സ്ഥലത്ത് പോലീസെത്തിയെങ്കിലും എസ്എഫ്‌ഐക്കാര്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഇത്തരത്തില്‍ ആക്രമണം നടത്തുകയും പ്രിന്‍സിപ്പലിനെ അടക്കം അസഭ്യം പറയുകയും ചെയ്തിട്ടും എസ്എഫ്‌ഐയുടെ ജില്ലാ സെക്രട്ടറി അടക്കം ഉള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറാകാത്തത് വിരോധാഭാസമായി മാറിയിരിക്കുകയാണ്. 30 പേര്‍ക്കെതിരെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. പുറത്ത് നിന്നും എത്തിയവരാണ് അതിക്രമിച്ച് കയറി കോളേജില്‍ ആക്രമണം നടത്തിയത്.
സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം അറസ്റ്റിനെ ശക്തമായി എതിര്‍ക്കുന്നതായാണ് വിവരം. ഇവര്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ച് പോലീസിലെ ഉന്നതരടക്കമുള്ളവര്‍ കേസ് വഴിതിരിക്കാന്‍ ശ്രമിക്കുകയാണ്. മുമ്പ് ഇവിടെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളില്‍ ഇടപെട്ടതിന് പോലീസുകാരെ സ്ഥലം മാറ്റിയിരുന്നു. ഇതും പോലീസുകാര്‍ നോക്കുകുത്തിയാകുന്നതിന് കാരണമായതാണ് വിവരം.
















