കല്‍പ്പറ്റ: വയനാട് കുഞ്ഞോം ഫോറസ്റ്റ്ഓഫീസ് ആക്രമണ കേസ് പ്രതി മാവോയിസ്റ്റ് നേതാവ് രൂപേഷിനെ തെളിവെടുപ്പിനായി ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവ്. ജില്ലാ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. 2014ല്‍ പേര്യ വനം ഡിവിഷനിലെ കുഞ്ഞോം ഫോറസ്റ്റ് ഓഫീസ് ആക്രമിക്കുകയും തീയിടാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.
കഴിഞ്ഞ മാസമാണ് രൂപേഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. മാര്‍ച്ച് 30ന് കേസില്‍ വിശദമായ വാദം കേട്ട കോടതി തീരുമാനമെടുക്കുന്നതിനായി ഏപ്രില്‍ നാലിലേക്ക് മാറ്റുകയായിരുന്നു. രൂപേഷിനെ ഇന്നലെ രാവിലെ തന്നെ കോടതിയിലെത്തിച്ചിരുന്നു. മാനന്തവാടി എ.എസ്.പി.: ജി. ജയദേവിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ തന്നെ വന്‍ പോലീസ് സന്നാഹവും കല്‍പ്പറ്റ കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നു. രൂപേഷിനെതിരെ 12 കേസുകളാണ് വയനാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 2014-ല്‍ വെള്ളമുണ്ട പോലീസ് രജിസ്റ്റര്‍ ചെയ്ത 343/ 2014 നമ്പര്‍ കേസിലാണ് തെളിവെടുപ്പിനായി രൂപേഷിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: