പുതുക്കാട്: സപ്ലൈക്കോ നല്‍കാനുള്ളത് ലക്ഷങ്ങള്‍. നെല്‍ കര്‍ഷകര്‍ ദുരിതത്തില്‍. വരന്തരപ്പിള്ളി പഞ്ചായത്തിലെ ആറ് പാടശേഖരങ്ങളില്‍ നിന്നായി സപ്ലൈകോ ഏറ്റെടുത്ത ടണ്‍ കണക്കിന് നെല്ലിന്റെ വിലയായി ലക്ഷകണക്കിന് രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൊയ്‌തെടുത്ത മുണ്ടകന്‍ കൃഷിയുടെ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്.കിലോഗ്രാമിന് 22 രൂപ 50 പൈസ നിരക്കിലാണ് കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ചത്. എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. ആറ് പാടശേഖരങ്ങളിലെ ഇരുനൂറോളം കര്‍ഷകരാണ് സപ്ലൈകോയില്‍ നിന്നുള്ള പൈസയും കാത്ത് ഇരിക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പയെടുത്തും ആഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. പല കര്‍ഷകരും ടണ്‍ കണക്കിന് നെല്ലാണ് സപ്ലൈകോക്ക് നല്‍കിയിട്ടുള്ളത്. കൂടുതല്‍ വില ലഭിക്കുന്നതിനാലാണ് സപ്ലൈകോക്ക് നെല്ല് നല്‍കാന്‍ കര്‍ഷകര്‍ തയ്യാറായത്.
















