കാഞ്ഞാര്‍: പെരുംതേനീച്ച ആക്രമണത്തില്‍ വാഹനയാത്രികര്‍ ഉള്‍പ്പടെ ഇരുപതോളം പേര്‍ക്ക് പരിക്ക്. മുട്ടം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തുള്ള മാവില്‍ കൂട് കൂട്ടിയിരുന്ന പെരുംതേനീച്ചയുടെ ആക്രമണത്തിലാണ് നിരവധി നാട്ടുകാര്‍ക്ക് പരിക്കേറ്റത്.
നിസാ മുരിങ്ങപ്പമ്പില്‍, സഹദിയ മുരിങ്ങപ്പമ്പില്‍, അലിയാര്‍ മേച്ചേരിയില്‍, സൈനുദ്ദീന്‍ മേച്ചേരിയില്‍, അന്നക്കുട്ടി ആശാരി പാറയില്‍, തങ്കന്‍ ആശാരി പാറയില്‍, ബിജു എന്‍.കെ നെടുമറ്റത്തില്‍, രാജി മണ്ണാരമറ്റത്തില്‍, അഷ്‌കര്‍ തുമരശ്ശേരിയില്‍, സോമന്‍, അശ്വതി അരുണ്‍ തുടങ്ങിയവര്‍ സമീപത്തെ ആശുപത്രിയില്‍ എത്തി ചികിത്സ തേടി. പരുന്ത് കൊത്തിയതിനെത്തുടര്‍ന്ന് തേനീച്ചകള്‍ ആക്രമണകാരികളാകുയായിരുന്നു. കൊച്ചു കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ തേനീച്ചയുടെ കുത്തേറ്റ് റോഡിലൂടെ ഓടി. ചിലര്‍ ഓടി സമീപത്തെ വീടുകളില്‍ അഭയം പ്രാപിച്ചു. ഇവര്‍ക്ക് ഒപ്പം തേനീച്ചയും പുറകെ എത്തിയതിനാല്‍ വീട്ടുകാര്‍ക്കും കുത്തേറ്റു.
ഇരുചക്രവാഹനത്തില്‍ എത്തിയ ഒരു യുവാവിനും തേനീച്ചയുടെ കുത്തേറ്റു. ഇയാള്‍ റോഡില്‍ വാഹനം ഉപേക്ഷിച്ച് ഓടി. സമീപത്തെ പെട്രോള്‍ പമ്പ് ജീവനക്കാര്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍
നടത്തുന്നവര്‍ എന്നിവര്‍ക്കും പരിക്കേറ്റു.ചെറിയ തോതില്‍ കുത്തേറ്റവര്‍ വീട്ടിലേക്ക് മടങ്ങുകയും മറ്റുള്ളവര്‍ ആശുപത്രികളിലും ചികിത്സ തേടുകയും ചെയ്തു. പത്തിലധികം പേര്‍ മുട്ടം ഗവണ്‍മെന്റ് ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
















