കുമളി: കുടിവെള്ളത്തിനായി കുമളി അമരാവതി നിവാസികളുടെ വ്യത്യസ്ത സമരം ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് സമരക്കാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കല്‍ പ്രകടനമായി എത്തി തുറന്ന സ്ഥലത്ത്
കപ്പ വേവിച്ച് പ്രതിഷേധിച്ചു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ത്രിതല പഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുള്ള ജലസേചന പദ്ധതികള്‍ നടപ്പിലാക്കുക, ഭൂരിഭാഗവും തൊഴിലാളികള്‍ താമസിക്കുന്ന അമരാവതിയില്‍ ഗ്രാമപഞ്ചായത്ത് അടിയന്തിരമായി കുടിവെള്ളമെത്തിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രദേശവാസികള്‍ ഒന്നടങ്കം സമരത്തിനെത്തിയത്.
കുമളി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന അമരാവതിയിലെ കുന്നിന് പ്രദേശങ്ങള്‍ കടുത്ത ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് തൊഴിലാളികളായ സ്ത്രീകള്‍ കുടിവെള്ളം ശേഖരിക്കുന്നത്. തേക്കടി തടാകത്തിന് സമീപത്തുള്ള അമരാവതിയില്‍ കുടിവെള്ളമെത്തിക്കാന്‍ അധികാരികള്‍ തയാറാകാത്തപ്പോള്‍ ഇരുനൂറ് കിലോമീറ്റര്‍ അകലെ തമിഴ്നാട് ഈ വെള്ളം അവിടുത്തെ ജനങ്ങള്‍ക്കായ് ഫലപ്രദമായി നല്കുന്നു.
















