കൊല്ലം: കോവില്‍തോട്ടം സെന്റ് അന്‍ഡ്രൂസ് പള്ളി സെമിത്തേരിക്ക് പടിഞ്ഞാറുള്ള റോഡ് ഭാഗത്തിന്റെ അതിര്‍ത്തിനിര്‍ണയം സംബന്ധിച്ച് ഉയര്‍ന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. റീ സര്‍വെയില്‍ അപാകമുണ്ടെന്നും ഭൂമി പള്ളി വക വസ്‌തുവാണെന്നുമുള്ള വാദം പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് മന്ത്രി ജില്ലാകളക്‌ടര്‍ക്ക് നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് അതിര്‍ത്തി നിര്‍ണയിക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കളക്‌ടര്‍ മിത്ര യോഗത്തെ അറിയിച്ചു. സമയബന്ധിതമായി പരാതി പരിശോധിച്ച് നടപടി പൂര്‍ത്തിയാക്കും. റോഡിലൂടെയുള്ള ഗതാഗതം പഴയപടി തുടരും. കെഎംഎംഎല്ലിന്റെയും ഐആര്‍ഇയുടെയും വാഹനങ്ങള്‍ കടന്നുപോകുന്നതിന് യാതൊരു തടസങ്ങളും ഉണ്ടാകില്ലെന്ന് ഇടവക പ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പുനല്‍കി. പരസ്‌പരവിശ്വാസത്തോടെ സമാധാനപൂര്‍ണമായ സാഹചര്യം പ്രദേശത്ത് സൃഷ്ടിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് എന്‍ വിജയന്‍പിള്ള എംഎല്‍എ പറഞ്ഞു. കോവില്‍തോട്ടം പ്രദേശവാസികളുടെ തൊഴില്‍, ആരോഗ്യം, പുനരധിവാസം മറ്റ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎംഎംഎല്‍, ഐആര്‍ഇ എന്നിവരുള്‍പ്പെടുന്ന യോഗം വിളിച്ചുചേര്‍ക്കും. യോഗത്തില്‍ എഡിഎം ഐ.അബ്ദുള്‍സലാം, സര്‍വെ ഡെപ്യൂട്ടി ഡയറക്‌ടര്‍ ആര്‍ അനില്‍കുമാര്‍, തഹസീല്‍ദാര്‍ ബി.രാധാകൃഷ്‌ണന്‍, കെഎംഎംഎല്‍, ഐആര്‍ഇ, റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍, കോവില്‍തോട്ടം ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍, ഇടവക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















