പാലക്കാട്: സംസ്ഥാനത്ത് ഇ.കെ.നായനാരെയും വി.എസ്.അച്യുതാനന്ദനെയും മുഖ്യമന്ത്രിമാരാക്കിയ മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പാറക്കുളം കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു ഭൂമിപോലുമില്ലാതെ നിരവധി ആദിവാസികള്‍ കുടുംബങ്ങള്‍. നരക തുല്യ ജീവിതം നയിക്കുന്ന ഇവരോടുള്ള സര്‍ക്കാര്‍ അവഗണന ഇന്നും തുടരുന്നു.നായനാരെയും അച്യുതാനന്ദനെയും മുഖ്യമന്ത്രിയാക്കിയതിനു പുറമേ ടി.ശിവദാസമേനോന് പത്തുവര്‍ഷം തുടര്‍ച്ചയായി മന്ത്രി പദവിയില്‍ തുടര്‍ന്നതും ഈ മണ്ഡലത്തിലായിരുന്നു.
വര്‍ഷങ്ങളായി മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് താമസിക്കുന്ന മുഡുഗര്‍ വിഭാഗത്തില്‍പെട്ട ആദിവാസികളാണ് പട്ടിണിയും തൊഴിലില്ലായ്മയും മൂലം ദുരിതമനുഭവിക്കുന്നത്. മൃതദേഹം മറവുചെയ്യാന്‍പോലും ഭൂമിയില്ലാത്തതിനാല്‍ വീടിനുമുന്നില്‍ തന്നെയാണ് പലരും ശവം മറവു ചെയ്യുന്നത്.
മഴപെയ്താല്‍ ഇവിടെ മറവുചെയ്ത ശവശരീരങ്ങള്‍ ഉള്‍പ്പെടെയുള്ളവ അണക്കെട്ടിലേക്കാണ് ഒഴുകിയെത്തുക. മലയില്‍ നിന്നും മറ്റും ഒഴുകിവരുന്ന വെള്ളം കോളനികകത്തുകൂടെയുള്ള ചാലിലൂടെയാണ് അണക്കെട്ടിലെത്തുന്നത്. പന്ത്രണ്ടോളം മൃതദേഹങ്ങളാണ് ഡാമിന്റെ പരിസരത്തായി മറവു ചെയ്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. പാലക്കാട് മുനിസിപ്പാലിറ്റയിലേക്കും ഏഴു പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ളം വിതരണം ചെയ്യുന്നത് മലമ്പുഴ ഡാമില്‍ നിന്നാണ്.
പാറക്കുളം കോളിനിയില്‍ 17 കുടുംബങ്ങളുണ്ടായിരുന്നതാണ്. ഇതില്‍ കുറച്ചുപേര്‍ക്ക് തൊട്ടപ്പുറത്ത് മൂന്ന് സെന്റ് ഭൂമി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ ഭൂമികള്‍ തമ്മില്‍ വേര്‍തിരിച്ച് ഒരു വേലി പോലും കെട്ടാന്‍ കഴിയാത്ത അവസ്ഥയാണ്.
സ്വന്തമായി ഭൂമി ലഭിച്ചെങ്കിലും അവിടെയും കുടിലുകെട്ടിയാണ് താമസം.പ്രാഥമിക വിദ്യാഭ്യാസംപോലുമില്ലാത്ത ആളുകളുണ്ടിവിടെ. നിലവില്‍ മൂന്നു കുട്ടികളാണ് കോളനിയില്‍ നിന്നും സ്കൂളില്‍ പോകുന്നത്. പ്രദേശത്ത് റബ്ബര്‍ കൃഷിയും, തെങ്ങും വ്യാപകമായതോടെ നെല്‍കൃഷി ഇല്ലാതായി. ആദിവാസികളെ ഇത് പട്ടിണിയിലേക്ക് നയിച്ചു.
കാട്ടില്‍ നിന്നും തേനും, ഔഷധവേരുകളും മറ്റും ശേഖരിച്ച് മലമ്പുഴയിലുള്ള സൊസൈറ്റിയില്‍ വിറ്റാണ് ഉപജീവനം. എന്നാല്‍ മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പേരില്‍ ഉള്‍ക്കാടുകളിലേക്ക് പോകുന്നതിന് ഫോറസ്റ്റ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിട്ടുണ്ട്.
മൂന്നും നാലുംദിവസം കാടുകളില്‍ ചിലവഴിച്ചിട്ടും വെറുകയ്യോടെ കഴിഞ്ഞദിവസം മടങ്ങി വന്നതായി പറയുന്നു. കാട്ടാനശല്യം രൂക്ഷമായതും ഇവര്‍ക്ക് തിരിച്ചടിയായി. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ അണക്കെട്ടില്‍ ചെറിയ കുഴികളുണ്ടാക്കിയാണ് വെള്ളം ശേഖരിക്കുന്നത്.
മഴക്കാലമായാല്‍ ഇവര്‍ മുഴുപട്ടിണിയിലാണ്. റേഷന്‍കടയില്‍ നിന്ന് 30 കിലോ അരി ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ അതും വെട്ടിക്കുറച്ചതായി പറയുന്നു. റേഷന്‍ വാങ്ങാന്‍ കിലോമീറ്ററുകള്‍ താണ്ടിപോവേണ്ട സ്ഥിതിയാണ്.
വോട്ടുബാങ്കുമാത്രമായ ഇവരെ തെരഞ്ഞെടുപ്പിന് ശേഷം ആരും തിരിഞ്ഞുനോക്കാറില്ല. ഇലക്ഷന് സമയത്ത് ഇവര്‍ക്ക് മദ്യം നല്‍കിയാണ് വോട്ടു പിടുത്തം.
അടുത്തിടെ അണക്കെട്ടു പരിസരത്ത് പരിശോധനക്കെത്തിയ ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടിയോട് തങ്ങളുടെ ശോചനീയവസ്ഥ പറഞ്ഞെങ്കിലും അവരത് ചെവിക്കൊണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: