നെന്മാറ: ഇനി വരും നാളുകളില്‍ നെന്മാറ വല്ലങ്ങി ദേശങ്ങളില്‍ ഉത്സവാരങ്ങള് മുഴങ്ങും. നെല്ലിക്കുളങ്ങര ഭഗവതിയുടെ വേല ആഘോഷത്തിന്റെ അനുഷ്ഠാനചടങ്ങുകളുടെ ഭാഗമായാണ് ഇരു ദേശങ്ങളിലും കൂറയിട്ട് ഉത്സവാചരങ്ങള്ക്ക് ദേശക്കാര്‍ തുടക്കം കുറിച്ചത്.
കൂറയിടലിനുശേഷം നെന്മാറ ദേശത്ത് ആചരിക്കുന്ന കുമ്മാട്ടിയാണ് ദേശക്കാരുടെ പ്രധാന ചടങ്ങുകളിലൊന്ന് മനങ്ങേട്ട്, കണിമംഗലം, വേട്ടയ്ക്കൊരുമകന്‍, പുത്തന്‍തറ, എന്നിങ്ങനെയുള്ള ഉപപ്രദേശങ്ങളില് നിന്ന് അരളി പൂക്കള്‍ നിലയായി കെട്ടിയ കുമ്മാട്ടിയുമായി ദേശക്കാര്‍ ദേശമണ്ണില്‍ ഒത്തുചേരുകയും തുടര്‍ന്ന് ഭഗവതി പ്രീതിക്കായി വടക്കളി ആചരിക്കുകയും ചെയ്യുന്നതാണ് കുമ്മാട്ടിയുടെ പ്രധാന ചടങ്ങുകള്‍.
വല്ലങ്ങി ദേശത്ത് ബുധനാഴ്ച വൈകിട്ടോടെ ദേശ കണ്യാറിന് തുടക്കം കുറിക്കും. ദേശക്കാരണവരുടെ അനുഗ്രഹത്തോടെയും അനുവാദത്തോടെയും വല്ലങ്ങി ദേശമണ്ണിലാണ് കണ്യാര് ആചരിക്കുന്നത്. ഏപ്രില്‍ ഒന്ന് വരെയുള്ള ദിനങ്ങളില്‍ പല്ലാവൂര്‍ രാജ, കാക്കയൂര്‍, ചിറ്റൂര്‍, പാലക്കാട്, പല്ലശ്ശന തുടങ്ങിയ ദേശങ്ങളിലെ കലാകാരന്മാര് വിവിധ പൊറാട്ടുകള്‍ അവതരിപ്പിക്കും.
ഇരുദേശങ്ങളിലേയും ബഹുനില ആനപന്തലുകളുടെ നിര്‍മ്മാണം ഏതാണ്ട് പൂര്ത്തിയായുട്ടുണ്ട്. നെന്മാറ ദേശത്തിന്റെ ആനപന്തല്‍ പോത്തുണ്ടി റോഡിലും വല്ലങ്ങിദേശത്തിന്റെ ആനപ്പന്തല്‍ ബൈപ്പാസ് റോഡിലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്.
ഇതോടൊപ്പം തന്നെ വഴിയോര വാണിഭക്കാരും, ശീതള പാനീയക്കാരും വില്‍പ്പനക്കാരും ഉത്സവപ്പറമ്പില്‍ സജീവമായി തുടങ്ങി. കടുത്തചൂടില്‍ വെന്തുരുകുന്ന പാലക്കാടന്‍ മണ്ണിലെ പ്രശസ്തമായ വേല ഉത്സവത്തിനെത്തുന്ന ലക്ഷോപലക്ഷക്കണക്കിന് ജനങ്ങള്‍ക്കായി ശുദ്ധജല കുടിവെള്ളം എത്തിക്കാന്‍ വിവിധ സര്‍ക്കാര്‍ ഇതര വിഭാഗങ്ങള്‍ മുന്നിട്ടിറങ്ങുമെന്നുമറിയിച്ചു.
ഇനിവരും ദിനങ്ങളില്‍ ഇരുദേശകാര്ക്കും തിരക്കേറിയ ദിനങ്ങളായിരിക്കും വേലയുത്സവമെന്ന പവിത്രമായ ചടങ്ങിന്റെ അവസാനഘട്ടതയ്യാറെടുപ്പിലാണ് ദേശവാസികളും.
എന്തൊക്കെ വിസ്മയങ്ങളാണ് പുറത്തുവരുമെന്ന ആഘോഷത്തിലാണ്, കൗതുകത്തിലുമാണ് ഉത്സവപ്രേമികള്‍.പസിദ്ധമായ നെന്മാറവല്ലങ്ങി വേലക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇരുദേശങ്ങളുടെയും പന്തല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.
99 അടിയാണ് ഇരുദേശങ്ങളുടെയും പന്തലിന്റെയും വീതിയെങ്കില്‍ ഉയരത്തിന്റെ കാര്യം രഹസ്യമാണ്. നൂറിലധികം തൊഴിലാളികളുടെ അധ്വാനമാണ് ഇതിനു പിന്നില്‍.
ചെറുതുരുത്തി ആരാധന പന്തല്‍വര്‍ക്സിലെ എം.എ.സെയ്തലവിയുടെ നേതൃത്വത്തിലാണ് നെന്മാറ ദേശത്തിന്റെ പന്തല്‍ നിര്‍മ്മാണമെങ്കില്‍ വല്ലങ്ങി ദേശത്തിന്റെ പന്തല്‍ അണിയിച്ചൊരുക്കുന്നത് ചെറുതുരുത്തി മയൂര പന്തല്‍വര്‍ക്സിലെ എംഎയൂസഫാണ്.
തൃശൂര്‍ കോടാലി രാഗം ലൈറ്റ് ആന്റ് സൗണ്ട്സിലെ ബിജു പന്തലില്‍ ദീപാലങ്കരം നടത്തും. ഏപ്രില്‍ ഒന്നു മുതല്‍ നാലുവരെ ആനപ്പന്തല്‍ ദീപാലംകൃത പ്രദര്‍ശനം ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: