വെള്ളിയാമറ്റം: പൂമാലയില്‍ ഏഴ് അംഗ കുടുംബത്തെ പെരുവഴിയിലാക്കി നടപ്പ് വഴി കെട്ടിയടച്ച സംഭവത്തില്‍ പോലീസ് ഇടപെടല്‍. ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഇന്നലെ സ്ഥലത്തെത്തിയ കാഞ്ഞാര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം വേലി പൊളിച്ച് നീക്കി. വേലി കെട്ടിയതോടെ പരീക്ഷയ്‌ക്ക് പോലും പോകാനാകാതെ ദുരിതത്തിലായ രണ്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനി ദേവികയുടെ കഥ ചൂടേറിയ ചര്‍ച്ചയായിരുന്നു.
പൂമാല സ്വാമിക്കവല വട്ടച്ചിറയില്‍ രഞ്ജിത്തിനും കുടുംബത്തിനുമാണ് 3.5 പതിറ്റാണ്ടായി നടന്ന് കൊണ്ടിരുന്ന വഴി ഇല്ലാതായത്. സ്ഥലത്തെ സിപിഎം നേതാക്കള്‍ ഇടപെട്ട് വഴി വാങ്ങിയ വീട്ടുകാരെ കൊണ്ട് വേലി കെട്ടി അടയ്‌പ്പിക്കുകയായിരുന്നു. 3 അടി വീതിയിലുള്ള വഴിക്കായി നിരവധി നിരവധി നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് നടപ്പ
ാതയിരിക്കുന്ന റബ്ബര്‍ത്തോട്ടത്തിന്റെ ഉടമ സ്ഥലം വിട്ട് കോടുത്തത്. ആദ്യം നടുവിലൂടെ ഉണ്ടായിരുന്ന വഴി തോട്ടത്തിന് അരികിലേക്ക് മാറ്റിയതോടെയാണ് വീണ്ടും പ്രശ്‌നമായത്. പഴയ വഴി തോട്ടം ഉടമയും പുതിയവഴി സ്വകാര്യ വഴിയെന്ന് കാട്ടി വാങ്ങിയ രണ്ട് കുടുംബങ്ങളും ചേര്‍ന്ന് അടയ്‌ക്കുകയായിരുന്നു.
കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിയ്‌ക്കും സംഭവത്തില്‍ പരാതി നല്‍കിയിരുന്നു. സ്ഥലത്തെത്തിയ പോലീസ് ചര്‍ച്ച നടത്തി വഴി രഞ്ജിത്ത് അടക്കമുള്ള മൂന്ന് കുടുംബങ്ങള്‍ക്കായി തുറന്ന് നല്‍കുകയായിരുന്നു.
















