അഗളി: പുതൂര്‍ പഞ്ചായത്തിലെ പ്രാക്തന ഗോത്രവിഭാഗമായ കുറുംബര്‍ താമസിക്കുന്ന ഊരായ ഊരടത്തില് അംഗന്‍വാടി പ്രവര്ത്തനംനിലച്ചിട്ട് ഒരുവര്‍ഷം. ഇതിനെ തുടര്‍ന്ന് ഇവിടെ ഉണ്ടായിരുന്ന 14 കുട്ടികള്‍ക്കുള്ള പോഷണ-പ്രാഥമിക വിദ്യാഭ്യാസ പദ്ധതികളും നിലച്ചു.
ആറ് കുടുംബങ്ങളിലായി 54ളം അംഗങ്ങള്‍ മാത്രമാണ് ഊരിടം ഊരില്‍ താമസിക്കുന്നത്. ബാക്കി കുടുംബങ്ങള്‍ പുതൂര്‍ പഞ്ചായത്തിലെ ചാവടി ഊരിലേക്ക് താമസം മാറ്റിയിരുന്നു. ഒരു വര്‍ഷം മുമ്പ് വരെ അംഗന്‍വാടി നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന താണ്. വെന്തവട്ടി ഊരില്‍ നിന്നും ടീച്ചറെത്തിയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്.
2010-11 ല്‍ അട്ടപ്പാടി ഐടിഡിപി അനുവദിച്ച ഒന്നേകാല്‍ ലക്ഷം രൂപ മുടക്കി ബാംബു റിഡ്സ് ഉപയോഗിച്ച് പണി തുടങ്ങിയ വീടുകള്‍ ഇതുവരെ പണി പൂര്‍ത്തിയായിട്ടില്ല. അനുവദിക്കപ്പെട്ട ഒന്നേകാല്‍ ലക്ഷം രൂപ അപര്യാപ്തമായതിനാലാണ് വീട് പണി പൂര്ത്തിയാക്കാനാകത്തതെന്ന് ഊരുവാസികള്‍ പറഞ്ഞു.
കെട്ടിട നിര്‍മ്മാണ സാമഗ്രഹികള്‍ വാങ്ങണമെങ്കില്‍ തമിഴ്നാട് മേട്ടുപാളയത്തെ ആശ്രയിക്കണം.റേഷന്‍ വാങ്ങാന്‍ കിലോമീറ്ററുകള്‍ നടന്ന് മുള്ളിയില്‍ പോകേണ്ടതുള്ളതുകൊണ്ട് റേഷന്‍ വിഹിതം വാങ്ങാന്‍ നിര്‍വാഹമില്ല.
ഊരിടം വനാവകാശ നിയമ പരിധിയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെ പ്രാബല്യത്തില്‍ വന്നിട്ടില്ലെന്ന് ഊരു പ്രതിനിധി സുകു പറയുന്നു.
ഊരുസമ്പര്ക്കപരിപാടിയില് ലഭിച്ച പരാതി പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പിന്റേയും സാമൂഹ്യ നീതി വകുപ്പിന്റയും അടിയന്തിര ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന് ‘തമ്പ് ‘പ്രസിഡന്റ് രാജേന്ദ്രപ്രസാദും, കണ്‍വീനര്‍ കെ.എ.രാമുവും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: