പെരിന്തല്‍മണ്ണ: രാജഭരണത്തിന്റെ ചരിത്രം ഉറങ്ങുന്ന വള്ളുവനാടന്‍ മണ്ണിന്റെ മനസ്സ് ഇപ്പോള്‍ സഞ്ചരിക്കുന്നത് ബിജെപിക്കൊപ്പമാണ്. വള്ളുവനാടിന്റെ കേന്ദ്രമായ അങ്ങാടിപ്പുറം നിലവില്‍ മങ്കട മണ്ഡലത്തിലാണെങ്കിലും രാജ്യത്തിന്റെ മനമറിയണമെങ്കില് പെരിന്തല്‍മണ്ണ മണ്ഡലത്തിന്റെ അവസ്ഥ പരിഗണിക്കേണ്ടി വരും. പെരിന്തല്‍മണ്ണയില്‍ നിന്ന് നിയമസഭയിലേയ്ക്ക് കൂടുതല്‍ തവണ പ്രതിനിധികളെ അയച്ചത് മുസ്ലിം ലീഗാണ്. പത്ത് തവണയാണ് മണ്ഡലം ലീഗ് പിടിച്ചടക്കിയത്. ഇതില്‍ ആറ് തവണയും പ്രതിനിധീകരിച്ചത് നാലകത്ത് സൂപ്പിയായിരുന്നു. 1970 മുതല്‍ 2001 വരെ മുസ്ലിംലീഗിന്റെ പ്രതിനിധികളെയല്ലാതെ മറ്റാരേയും നിയമസഭ കാണിച്ചില്ല. ഇക്കാലയളവില്‍ സിപിഎമ്മിന്റെ പ്രബലരായ സ്ഥാനാര്‍ഥികളെയാണ് ലീഗ് തറപറ്റിച്ചത്.1970ല്‍ ലീഗിലെ .കെ.കെ.എസ് തങ്ങളോട് ഇ.കെ. ഇന്പിച്ചിബാവയും, 77 ല്‍ പാലോളി മുഹമ്മദ് കുട്ടിയും പരാജയപ്പെട്ടു. 80ലാണ് ആദ്യമായി നാലകത്ത് സൂപ്പി പെരിന്തല്‍മണ്ണയില്‍ ജയിച്ച് കയറിയത്. ആ വര്‍ഷം പാലോളി മുഹമ്മദ് കുട്ടി രണ്ടാം തോല്‍വി ഏറ്റു വാങ്ങി. പിന്നീട് 1982, 1987, 1991, 1996, 2001 എന്നീ വര്‍ഷങ്ങളില്‍ യഥാക്രമം പാറക്കൊട്ടില്‍ ഉണ്ണി, ആര്‍എന്‍ മനഴി, എം.എം.മുസ്തഫ, ഡോ.എ.മുഹമ്മദ്, വി.ശശികുമാര്‍ എന്നീ പ്രമുഖരെ സിപിഎം നിര്‍ത്തിയെങ്കിലും സൂപ്പിയോട് അടിയറവ് പറഞ്ഞു. 2006ല്‍ മണ്ഡലം നഷ്ടപ്പെട്ടെങ്കിലും 2011ല്‍ സിപിഎം വിട്ട് ലീഗിലത്തെിയ മഞ്ഞളാം കുഴി അലി സിറ്റിംഗ് എംഎല്‍എയായിരുന്ന വി.ശശികുമാറിനെ 9589 വോട്ടിനു പരാജയപ്പെടുത്തി. 2016 ല്‍ 579 വോട്ടിനും യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. ഇഎംഎസിന്റെ ജന്മനാടായ ഏലംകുളം പഞ്ചായത്ത് ഉള്‍പ്പെടുന്ന ഈ മണ്ഡലത്തില്‍ കേരളപിറവിക്കുശേഷം മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ മേധാവിത്വമായിരുന്നു. 1952, 60 കളിലെ തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും 65ലും 67 ലും സിപിഎമ്മിന്റെ പ്രതിനിധികളും വിജയിച്ചു. ചെങ്കോട്ട തകര്‍ത്ത് ലീഗിന്റെ ഹരിതക്കൊടി പാറിപ്പിച്ചത് 1970ല്‍ കെ.കെ.എസ് തങ്ങളായിരുന്നു. അന്ന് തുടങ്ങിയ ജൈത്രയാത്ര 77, 82,87,91,96,2001, 2011 വര്‍ഷങ്ങളിലും തുടരുകയായിരുന്നു. ഈ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിന് പെരിന്തല്‍മണ്ണയില്‍ പ്രതീക്ഷയേറെയാണ്. താഴെക്കൊട്, ആലിപ്പറന്പ്, വെട്ടത്തൂര്‍, മേലാറ്റൂര്‍, ഏലംകുളം, പുലാമന്തോള്‍ ഗ്രാമപഞ്ചായത്തുകളും പെരിന്തല്‍മണ്ണ നഗരസഭയും ഉള്‍പെടുന്നതാണ് പെരിന്തല്‍മണ്ണ മണ്ഡലം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന് പെരിന്തല്‍മണ്ണ അസംബ്ലി മണ്ഡലത്തില്‍ നിന്ന് 59210 വോട്ടും സിപിഎമ്മിലെ പി.കെ.സൈനബക്ക് 48596 വോട്ടും ബിജെപിയുടെ ശ്രീപ്രകാശിന് 7536 വോട്ടുമാണ് നേടാനായി. 10614 വോട്ടിന്റെ ലീഡാണ് മണ്ഡലത്തില്‍ ഇ. അഹമ്മദ് നേടിയത്. 2015 ഒക്ടോബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആറ് പഞ്ചായത്തുകളിലും നഗരസഭയിലുമായി യുഡിഎഫിന് 66727 വോട്ടും എല്‍ഡിഎഫിന് 66395 വോട്ടും ലഭിച്ചു. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. പെരിന്തല്‍മണ്ണയില വിജയിയെ തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ ബിജെപിക്ക് നല്കി. ഈ ഉപതെരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയും.
2017 ജനുവരി 14 വരെയുള്ള കണക്കുകള്‍ പ്രകാരം191796 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 93103 പുരുഷന്മാരും,98693 സ്ത്രീകളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: