നെടുങ്കണ്ടം: രാമക്കല്‍മേടിനെ ലോകഭൂപടത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 22ന് മാരത്തണ്‍ സംഘടിപ്പിക്കുന്നു.നെടുങ്കണ്ടം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശ വാസികളുടെ പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ നടത്തുന്നത്.വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി രാമക്കല്‍മേട് മാറിയെങ്കിലും സൗകര്യ വികസനം പ്രാരംഭ ദിശയിലാണ്.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ മധുര, തേനി ജില്ലകളില്‍ നിന്നുമാണ് പ്രധാനമായും സഞ്ചാരികള്‍ ഇവിടെ എത്തുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കാത്തതിനാല്‍ വിദേശ സഞ്ചാരികളും ഉത്തരേന്ത്യന്‍ സഞ്ചാരികളും വളരെ കുറച്ച് മാത്രമാണ് എത്തുന്നത്. സമീപ പ്രദേശങ്ങളായ തൂവല്‍ വെള്ളചാട്ടം, പുഷ്പ്പകണ്ടം, കൈലാസപ്പാറ, അണക്കരമേട്, മാന്‍കുത്തി മേട് തുടങ്ങിയ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപെടുത്താന്‍ സാധിക്കുന്നുമില്ല. ഏലംകൃഷിയ്‌ക്ക് പേരുകേട്ട മേഖലയുടെ സാദ്ധ്യതകള്‍ പ്രയോജനപെടുത്തുകയും ഫാം, പ്ലാന്റേഷന്‍ ടൂറിസം, ജീപ്പ് സഫാരി, ട്രക്കിങ് തുടങ്ങിയ വിവിധ സാദ്ധ്യകളിലൂടെ രാമക്കല്‍മേടിനേയും സമീപ പ്രദേശങ്ങളേയും പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാണ് പ്രദേശവാസികള്‍ ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിന്റെ ആദ്യപടിയെന്ന നിലയിലാണ് രാമക്കല്‍മേടിനെ ലോക ടൂറിസം ഭൂപടത്തില്‍ ഉള്‍പെടുത്തണമെന്ന് ആവശ്യപെട്ട് നെടുങ്കണ്ടത്തിന് സമീപം പാറതോട്ടില്‍ നിന്നും രാമക്കല്‍മേട്ടിലേയ്‌ക്ക് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രശസ്ത മാരത്തണ്‍ ഓട്ടക്കാര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയുടെ ആലോചനാ യോഗം നെടുങ്കണ്ടം ലൈബ്രറി ഹാളില്‍ ചേര്‍ന്നു.
വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി, എംപി ജോയിസ് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍ എന്നിവര്‍ രക്ഷാധികാരികളായും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം ചെയര്‍മാനും ജനമൈത്രി എസ്.ഐ പി.കെ ആസാദ് കണ്‍വീനറായും സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.
















