വണ്ടൂര്‍: വെള്ളക്ഷാമം രൂക്ഷമായ മലയോരമേഖലയിലെ ജനങ്ങള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു. വെള്ളത്തിന് ക്ഷാമമില്ലാത്ത ബന്ധുക്കളുടെ വീടുകളിലേക്കും വാടകവീടുകളിലേക്കുമാണ് താമസം മാറുന്നത്.
വെള്ളക്ഷാമമുണ്ടാകാറുണ്ടെങ്കിലും ഇത്തരത്തിലുള്ള വരള്‍ച്ച മലയോരത്ത് ആദ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നു. അപൂര്‍വ്വം കിണറുകളില്‍ മാത്രമാണ് വെള്ളം അവശേഷിക്കുന്നത്. നാലംഗകുടുംബത്തിന് അത്യാവശ്യകാര്യങ്ങള്‍ക്കുപോലും കിണറുകളിലെ വെള്ളം മതിയാകുന്നില്ല. ജലക്ഷാമം നിര്‍മ്മാണമേഖലയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പുഴകളും തോടുകളും നേരത്തേ വറ്റുകയുംചെയ്തു. കൂടുതല്‍പേര്‍ മലയോരത്തുനിന്ന് മാറി താമസിക്കാന്‍ തയ്യാറെടുക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷകള്‍ നടക്കുന്നതിനാല്‍ താമസം മാറുന്നതിന് അത് കഴിയാന്‍ കാത്തിരിക്കുകയാണ് പലരും. വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറച്ച് പരീക്ഷ കഴിയുംവരെ പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കക്കൂസുകളിലും മറ്റും ഉപയോഗിക്കാനായി ദൂരസ്ഥലത്ത് നിന്ന് വാഹനങ്ങളില്‍ വെള്ളമെത്തിക്കുകയാണ്.
മലയോരത്ത് പതിവിലും നേരത്തേ വേനല്‍മഴ ലഭിച്ചുവെങ്കിലും ജലസ്രോതസസ്സുകള്ക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല. പുഴയിലെ ജലനിരപ്പിനെ ആശ്രയിച്ചാണ് മലയോരത്തെ കിണറുകളില്‍ വെള്ളമുണ്ടാകാറുള്ളത്. പുഴകള്‍ നേരത്തേ വറ്റിയതിനാല്‍ കിണറുകളിലെ ജലനിരപ്പ് താഴുകയും ചെയ്തു. മലയില്‍ മഴ ലഭിച്ചാലേ ഗുണം ലഭിക്കുകയുള്ളൂ. കാളികാവ് കരുവാരക്കുണ്ട് ഭാഗങ്ങില്‍ നല്ല മഴ ലഭിച്ചെങ്കിലും കിണറുകളിലെ ജലനിരപ്പില്‍ ഒരു അനക്കവുമുണ്ടായിട്ടില്ല. കുടിവെള്ളപദ്ധതികളുടെ പരാജയവും മലയോരവാസികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മലയോര പഞ്ചായത്തുകളില്‍ കോടികള്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കിയ ജലനിധി പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമല്ല. ചോക്കാട് ഗ്രാമപ്പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജലനിധിക്ക് തുടക്കമിട്ടെങ്കിലും ഇതുവരെ ജലവിതരണം നടത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: