പുതുക്കാട്:ആഘോഷങ്ങള്‍ക്കായി തട്ടിക്കൂട്ടുന്ന കമ്മിറ്റികളില്‍നിന്നും വ്യത്യസ്തമായി ജനങ്ങളുടെ ദുഃഖങ്ങളിലും ദുരിതങ്ങളിലും സാന്ത്വനമരുളുന്ന സ്ഥിരം സംവിധാനമായി രാപ്പാള്‍ ഭരണി ആഘോഷക്കമ്മിറ്റി വേറിട്ട മാതൃകയാകുന്നു. കുറുമാലിക്കാവ് കുംഭഭരണിയുടെ രാപ്പാള്‍ ദേശത്തിന്റെ ആഘോഷങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന കമ്മിറ്റി മിച്ചം പിടിക്കുന്ന തുക ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വിതരണം ചെയ്താണ് മാതൃകയാകുന്നത്.
നിരാലംബര്‍ക്ക് ജീവിതമാര്‍ഗ്ഗവും രോഗികള്‍ക്ക് മരുന്നും നല്കി ജനങ്ങളുടെ കൂടെ നില്ക്കുന്ന കമ്മിറ്റി ലോകജലദിനത്തില്‍ കുരുന്നുകള്‍ക്ക് കുടിവെള്ളം നല്‍കിയാണ് ശ്രദ്ധേയമായത്. രാപ്പാള്‍ ദര്‍ശന അംഗന്‍വാടിയിലേക്ക് മോട്ടോര്‍ പമ്പ് സെറ്റ് വാങ്ങി ഫിറ്റ് ചെയ്തു നല്‍കുകയാണ് ഇവര്‍ ചെയ്തത്.
രൂക്ഷമായ വേനലില്‍ കുരുന്നുകള്‍ക്ക് കുളിര്‍ജലം നല്‍കാനായി മോട്ടോര്‍ കൈമാറുന്ന ചടങ്ങില്‍ രാപ്പാള്‍ ദേശം ഭരണി ആഘോഷക്കമ്മിറ്റി പ്രസിഡന്റ് ഐ.സി. സുബ്രഹ്മണ്യന്, സെക്രട്ടറി സുനില്‍ കല്ലയില്‍, ട്രഷറര്‍ ഷിജു വൈലോപ്പിള്ളി, കമ്മിറ്റി അംഗങ്ങളായ സുധന് കാരയില്‍, മണിലാല്‍ വടക്കുന്നാലത്ത്, രാജന് കരപറമ്പില്‍, അംഗന്‍വാടി ക്ഷേമസമിതി പ്രസിഡന്റ് വി.എ. ഷാജു, അധ്യാപിക അല്‍ഫോന്‍സ, സഹായി അജിത തുടങ്ങിയവര്‍ക്കൊപ്പം അംഗന്‍വാടിയിലെ കുരുന്നുകളും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മധുരം വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: