പാലക്കാട് : നഗരത്തിലെ ജി ബി റോഡിലുള്ള ചിലങ്ക ജ്വല്ലറിയില്‍ നിന്ന് ജീവനക്കാരെ കബളിപ്പിച്ച് ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കളവ് ചെയ്ത കേസില്‍ ദമ്പതികളെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍, വേലൂര്‍ കുറുമാല്‍ സ്വദേശി സുമേഷ്(37), ഭാര്യ തേനി ബോഡിനായ്ക്കല് സ്വദേശി ഗായത്രി(29) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് ക്രൈം സക്വാഡ് കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ കേരളത്തിലും തമിഴ്നാട്ടിലും ചെയ്ത 15 ഓളം ജ്വല്ലറി മോഷണ കേസുകള്‍ക്ക് തുമ്പായി.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ജി ബി റോഡിലുള്ള ചിലങ്ക ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തി ലക്ഷം രൂപയുടെ സ്വര്‍ണ്ണം എടുത്ത് ബില്ലാക്കുകയും ക്രെഡിറ്റ് കാര്‍ഡ് മുഖേന പണം പിന്‍വലിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുകയും തുടര്‍ന്ന് കാറില്‍ നിന്നും പണം എടുത്ത് വരാമെന്ന് പറഞ്ഞ് ഭാര്യയെ പറഞ്ഞയക്കുകയും കുറച്ച് സമയത്തിന് ശേഷം സുരേഷ് ബാബുവും ഇറങ്ങി പോകുകയും ചെയ്തു.
പണം എടുക്കാന്‍ പോയ ദമ്പതികളെ കാണാതായതോടെയാണ് ജ്വല്ലറി ഉടമ കബളിപ്പിക്കപ്പെട്ടതറിഞ്ഞത്. തുടര്‍ന്ന് നോര്‍ത്ത് പോലീസില്‍ അറിയിക്കുകയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതികളുടെ ചിത്രം ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട് സേലത്തില്‍ സമാന രീതിയില്‍ മോഷണം നടത്തിയ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സേലം, തിരുപ്പൂര്‍, പല്ലടം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ കോയമ്പത്തൂരില്‍ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
സുരേഷ് ബാബു നേരത്തെ സേലം, പല്ലവട്ടി പോലീസ് സ്റ്റേഷന് പരിധിയില്‍ ജ്വല്ലറിയില്‍ നിന്നും മോഷണം നടത്തി സേലം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സേലം ജയിലില്‍ നിന്നും ഇറങ്ങിയതിന് ശേഷമാണ് ഭാര്യയെയും കൂട്ടി മോഷണം പതിവാക്കിയത്.
സേലം, പല്ലവട്ടി, തിരുപ്പൂര്‍, ഉടുമല്‍പ്പേട്ട, സിങ്കനല്ലൂര്‍, സുലൂര്‍, കോയമ്പത്തൂര്‍, പൊള്ളാച്ചി , പാലക്കാട്, ആലത്തൂര്‍, വടക്കഞ്ചേരി എന്നിവിടങ്ങളിലെ 15 ഓളം ജ്വല്ലറികളില്‍ നിന്നും മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. രണ്ട് വര്‍ഷമായി ജോലിക്കൊന്നും പോകാതെ മോഷണം നടത്തി ആഡംബര ജീവിതം നയിച്ച് വരുകയായിരുന്നു പ്രതികള്‍.
കളവുമുതലുകള്‍ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ പോലീസ്ആരംഭിച്ചു. പ്രതികളെ ജ്വല്ലറിയില്‍ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും.
എഎസ്പി ജി.പൂങ്കഴലിയുടെ നേതൃത്വത്തില്‍ ടൗണ്‍ സൗത്ത് സിഐ മനോജ് കുമാര്‍, എസ്ഐ ആര്.രജ്ജിത്ത്, ക്രൈം സ്വകാഡ് അംഗങ്ങളായ വിശ്വനാഥന്, കെ.നന്ദകുമാര്‍, ആര്.കിഷോര്‍, കെ.അഹമ്മദ് കബീര്‍, ആര്.വിനീഷ്, വനിതാ സിപിഒമാരായ മാധവി, സുമതി, ശ്രീകുട്ടി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: