തൊടുപുഴ: ഏഴ് ദിവസം പ്രായമായ കുഞ്ഞിനെ ജനിച്ച നക്ഷത്രം മോശമാണ് എന്ന് പറഞ്ഞ് തറയില്‍ എറിഞ്ഞ് കൊല്ലുവാന്‍ ശ്രമിച്ചു എന്ന കേസില്‍ മാതാപിതാക്കളായ മണിയാറംകുടി കരയില്‍ കാപ്പുകാട്ടില്‍ വീട്ടില്‍ ഷിനോജ്, ഭാര്യ ഷേര്‍ളി എന്നിവരെ തൊടുപുഴ പോസ്‌കോ സ്‌പെഷ്യല്‍ കോടതി ജഡ്ജ് മധുകുമാര്‍ വെറുതെ വിട്ടു.
2012 ഡിസംബറിലാണ് സംഭവം. അന്നേ ദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് വന്ന ഷിനോജ് കുട്ടിയെ തറയില്‍ അടിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്. എന്നാല്‍ പ്രതികള്‍ കുട്ടിയെ ഉപദ്രവിച്ചിട്ടില്ല എന്നും കേസിലെ രണ്ടാം സാക്ഷിയും ഒന്നാം പ്രതിയുടെ സഹോദരി ഭര്‍ത്താവുമായ മനോജ് കെട്ടിച്ചമച്ച കേസാണ് ഇതെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സംഭവ സമയം 2-ാം പ്രതിയെ കടന്ന് പിടിക്കാന്‍ ചെന്ന മനോജിനെതിരെ പ്രതികള്‍ കേസ് കൊടുക്കുമെന്ന് വിചാരിച്ചാണ് മനോജ് പ്രതികള്‍ക്കെതിരെ ഇപ്രകാരം കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. മനോജിന്റെ ഇടപെടല്‍ മൂലം വിഷയം ചാനലില്‍ വരികയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തു.
ഇതറിഞ്ഞ പ്രതികള്‍ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രതികള്‍ക്ക് അവരുടെ കുട്ടിയെ തിരിച്ച് കിട്ടിയത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. എം.എസ്.വിനയരാജ് കോടതിയില്‍ ഹാജരായി.
















