കുളമാവ്: മദ്യലഹരിയില്‍ കുളമാവ് ഡാമിന്റെ മുകളില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയ നേവി ഉദ്യോഗസ്ഥനെ ഡാമിന്റെ സെക്യൂരിറ്റി ചുമതലയുള്ള പോലിസുകാരനും ഓട്ടോറിക്ഷ ഡ്രൈവറും ചേര്‍ന്ന് രക്ഷിച്ചു.എറണാകുളം പള്ളുരുത്തി സ്വദേശി നിഥിനെയാണ് സിവില്‍ പോലീസ് ഓഫിസര്‍ എസ്.എസ്.പ്രമോദും ഓട്ടോറിക്ഷ ഡ്രൈവര്‍ രാജുവും ചേര്‍ന്ന് രക്ഷിച്ചത്.
ഇന്നലെ വൈകുന്നേരം 3.45 ഓടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളമാവ് അണക്കെട്ടുകാണാനെത്തിയതായിരുന്നു നിഥിന്‍.നന്നായി നീന്തലറിയാമായിരുന്നെങ്കിലും മദ്യ ലഹരിയിലായിരുന്നതിനാല്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
സംഭവം കണ്ട അണക്കെട്ടിന്റെ ഗാര്‍ഡ് റൂമിനുപുറത്ത് ഡ്യൂട്ടിയിലായിരുന്ന എസ്.എസ്.പ്രമോദും ഓട്ടോറിക്ഷ ഡ്രൈവര്‍ രാജുവും അണക്കെട്ടിന്റെ അടിയിലിറങ്ങി ചെന്ന് വെള്ളത്തിലൂടെ നീന്തി നിഥിനെ കരക്കെത്തിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പ്രമോദിന് നേരിയ പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവര്‍ക്കും ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. കുളമാവ് അഡീ. എസ്.ഐ ഗോപിനാഥന്റെ നേതൃത്വത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
















