കല്‍പ്പറ്റ :കൊട്ടിയൂര്‍ പാതിരി പീഡനകേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സഹായം ചെയ്തുകൊടുക്കുന്ന സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് ഊര്ചാരിറ്റബിള് ട്രസ്റ്റ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. സിഡബ്ലുസി ചെയര്മാന് ഫാദര്‍ തോമസ് ജോസഫ്തേരകവും മറ്റ് കന്യാസ്ത്രീകളും എവിടെയുണ്ടെന്നറിഞ്ഞിട്ടും അവരെ അറസ്റ്റ്ചെയ്യാത്ത പോലീസ് നടപടി ഖേദകരമാണ്. പാവപ്പെട്ട വനവാസിയുവാക്കള്‍ ഗോത്രാചാര പ്രകാരം വിവാഹം കഴിച്ചിട്ടും അവരെ പോക്സോ നിയമം ചുമത്തി ജയിലിലടച്ച ആളാണ് ഫാദര്‍ തേരകം. പോക്സോ നിയമം ചുമത്തിയവര്‍ പള്ളിമേടകളില്‍ ഒളിച്ചിട്ടും പോലീസിന് കുലക്കമില്ല. ബത്തേരി അസംപ്ഷന്‍ കോണ്‍വെന്റ് കേന്ദ്രീകരിച്ച് നടന്ന പീഡനം ഒതുക്കിതീര്‍ത്തത് ഫാദര്‍ തേരകമാണ്. അതിന് നീതിവേദിയും കൂട്ടുനിന്നതായി ഇവര്‍ ആരോപിക്കുന്നു. പോക്സോ ശിക്ഷ ലഭിച്ചിട്ടുള്ള വനവാസി കേസുകള്‍ പുനപരിശോധിക്കുക, ഫാദര്‍ തേരകത്തെയും കൂട്ടാളികളെയും ഉടനെ അറസ്റ്റ് ചെയ്യുക, വനവാസി മേഖലകളില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, ജയിലില്‍ കഴിയുന്ന മുഴുവന്‍ വനവാസികളെയും വിട്ടയക്കുക, പോക്സോ കേസുകളില്‍ ബാലാവകാശ കമ്മീഷന് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു. കെ.അമ്മിണി, കെ.ടി.റെജികുമാര്‍, തുളസി വിജയന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: