നെടുങ്കണ്ടം/കട്ടപ്പന: വണ്ടന്‍മേടിന് സമീപം പാമ്പാടുംപാറ എസ്റ്റേറ്റ് ഗോഡൗണിന് തീപ്പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ ഉച്ചക്ക് 2.30യോടെയാണ് തീ പടരുന്നത്. ഓടിക്കൂടിയ തൊഴിലാളികളും, നാട്ടുകാരും ചേര്‍ന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും തീ ക്രമാതീതമായി പടര്‍ന്നതോടെ നെടുങ്കണ്ടം, കട്ടപ്പന ഫയര്‍ഫോഴ്‌സുകള്‍ സ്ഥലത്തെത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രണ്ടരമണിക്കൂറോളം കെട്ടിടം നിന്ന് കത്തുകയായിരുന്നു. ഗോഡൗണില്‍ ചാക്കുകള്‍ മാത്രമാണുണ്ടായിരുന്നത്.
തീപ്പിടിച്ച ഗോഡൗണിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന സ്‌റ്റോറുകളിലേയ്‌ക്ക് തീ പടരാതിരിക്കാന്‍ തൊഴിലാളികളും ഫയര്‍ഫോഴ്‌സും വെള്ളം ഒഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് പെയ്ത മഴയും തീ ആളിപ്പടരുന്നത് ഒഴിവാക്കാന്‍ സഹായിച്ചെങ്കിലും തേക്കിന്‍ തടി കൊണ്ട് നിര്‍മ്മിച്ചിരുന്ന മേല്‍ക്കൂര കത്തിയമര്‍ന്നു. മഴ ലഭിച്ചതുമൂലം വന്‍ ദുരന്തമാണ് ഒഴിവായത്. സമീപത്തു തന്നെ എസ്‌റ്റേറ്റ് ഓഫീസും, തൊഴിലാളി ലയങ്ങളും മറ്റും ഉണ്ടായിരുന്നു. ആദ്യകാലത്തെ എലം സ്റ്റോറായിരുന്ന ഈ കെട്ടിടം പിന്നീട് സ്‌റ്റോര്‍ മറ്റ് ഭാഗങ്ങളിലേക്ക് മാറ്റിയപ്പോള്‍ ഗോഡൗണായി ഉപയോഗിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന വലിയ കുളത്തില്‍ വെള്ളമില്ലാതെ വന്നതിനാല്‍ മറ്റു കുളങ്ങളില്‍ നിന്നും ടാങ്കിലേയ്‌ക്ക് വെള്ളമെത്തിച്ച് ഇവിടെ നിന്നും ഫയര്‍ഫോഴ്‌സിന്റെ വാഹനത്തിലേയ്‌ക്ക് വെള്ളം ലഭ്യമാക്കുകയായിരുന്നു.
1935-ല്‍ മര്‍ഫി സായിപ്പിന്റെ കാലത്ത് നിര്‍മ്മിച്ചിരുന്ന സ്റ്റോര്‍ കെട്ടിടമായിരുന്നു ഇത്. കല്ലുകൊണ്ട് നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര വിലപിടിപ്പുള്ള തേക്ക് തടികള്‍ക്കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്.
ഏഷ്യയിലെ തന്നെ ആദ്യത്തെ വന്‍കിട ഏലത്തോട്ടങ്ങളിലൊന്നായിരുന്നു ഇവിടം. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാപ്പികൃഷി, സംസ്‌കരണം എന്നിവയിലേക്ക് പാമ്പാടുംപാറ എസ്റ്റേറ്റ് മാറിയത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് കരുതുന്നതായി എസ്റ്റേറ്റ് ഉടമ പ്രഭാകര്‍ പറഞ്ഞു. ചരിത്രസ്മാരകം ആകേണ്ട പഴയ സ്റ്റോറും കെട്ടിടവുമാണ് തീപ്പിടുത്തത്തില്‍ കത്തിയമര്‍ന്നത്.
















