കല്‍പ്പറ്റ :വയനാട്ടിലെ തൃക്കൈപ്പറ്റയിലുള്ള ഉറവ് നാടന്‍ നാടന്‍ ശാസ്ത്ര-സാങ്കേതിക പഠന കേന്ദ്രം സംഘടിപ്പിച്ച മുളയുത്സവത്തിന്റെ പ്രഥമദിനത്തില്‍ ആസ്വാദകവൃന്ദങ്ങള്‍ക്കു മുകളില്‍ സംഗീതമഴ വര്‍ഷിച്ച് വയലി ബാംബു ഫോക്സ്. പ്രകൃതിയുടെ വരദാനമായ മുളയില്‍തീര്‍ത്ത വാദ്യോപകരണങ്ങളുമായി ബാംബു ഫോക്സ് അരങ്ങേറ്റിയ സംഗീത പരിപാടി സദസിനു വേറിട്ട അനുഭവമായി. ശനിയാഴ്ച രാത്രി എട്ട് മുതല്‍ ഒന്നര മണിക്കൂറോളം ഉപകരണവാദനം നടത്തിയ കലാകാരന്മാരെ മനസില്‍ അഭിനന്ദനഹാരങ്ങള് അണിയിച്ചായിരുന്നു വീടുകളിലേക്കുള്ള ആസ്വാദകരുടെ മടക്കം. മുളകൊണ്ട് ഇത്രയധികം വാദ്യോപകരണങ്ങള്‍ നിര്‍മിക്കാമെന്ന അറിവ് സംഗീതപ്രേമികള്‍ക്ക് വിസ്മയവുമായി.
ചെണ്ട, സെവന് ഹോള്‍സ്, മരിംബെ, ബാന്ട്രങ്ക്, കിക്കേര, ബാഗു, കിര്ടേ, പീക്കി, തംബോര്‍, ഷെയ്ക്കര്‍, റെയിന്‍സ്റ്റിക്(മഴമൂളി) എന്നീ മുളനിര്‍മിത വാദ്യോപകരണങ്ങളും ലോഹനിര്‍മിത ടൈമറും ഉപയോഗിച്ചായിരുന്നു സംഗീതപരിപാടി. മുളകൊണ്ടുള്ളതില് ചെണ്ട ഒഴികെ സംഗീതോപകരണങ്ങള്‍ ബാംബു ഫോക്സിലെ കലാകാരന്മാര് ദീര്‍ഘകാല പരിശ്രമത്തിലൂടെ രൂപകല്പനചെയ്ത് നിര്‍മിച്ചതാണെന്ന പ്രത്യേകതയും ഉണ്ട്. പാട്ടുകള്‍ എഴുതി ചിട്ടപ്പെടുത്തിയതും ഇവര്‍തന്നെയാണ്.
തൃശൂര്‍ ആറങ്കോട്ടുകര വയലി നാടന്‍ കലാകേന്ദ്രത്തിന്റെ ആറ് ശാഖകളില്‍ ഒന്നാണ് ബാംബു ഫോക്സ്. നാടന്‍ കലകളെക്കുറിച്ച് പഠിക്കുന്നതിനും അവയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുമായി 2004ല്‍ ആരംഭിച്ചതാണ് വയലി നാടന്‍ കലാകേന്ദ്രം. ഇന്ത്യ-ജപ്പാന് സൗഹൃദവര്‍ഷമായി കൊണ്ടടിയ 2006ല്‍ ഫ്യുജിയില്‍ സംഗിതപരിപാടിയില് പങ്കെടുക്കുന്നതിനു വയലിയിലെ അഞ്ച് കലാകാരന്മാര്ക്ക് അവസരം ലഭിച്ചു. ഫുജിയിലെ അനുഭവങ്ങളാണ് വയലി ബാംബു ഫോക്സ് എന്ന പേരില്‍ സംഗീത സംഘം രൂപീകരിക്കുന്നതിന് കലാകേന്ദ്രം പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായത്. 2007ല്‍ തൃശൂരിലെ കേരള വനം ഗവേഷണ കേന്ദ്രം വളപ്പിലായിരുന്നു വയലി ബാംബു ഫോക്സിന്റെ ആദ്യ സംഗീത പരിപാടി.
തൃശൂര്‍ ആറങ്ങോട്ടുകരയിലെ സുജില്‍കുമാര്‍, പ്രദീപ്, മനോഹരന്, രാജേഷ്, സനോജ്, തൃശൂര്‍ ചേലക്കരയിലെ ഉല്ലാസ്, കൊടകരയിലെ വിഷ്ണുജിത്ത്, പാലക്കാടുകാരന്‍ സജീവ് എന്നിവരടങ്ങുന്നതാണ് ബാംബു ഫോക്സ്. 25-30 പ്രായക്കാരാണ് ഇവര്‍. ഇന്ത്യയില്‍ കശ്മീരും പഞ്ചാബും ഒഴികെ സംസ്ഥാനങ്ങളില്‍ ഇതിനകം സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍നിന്നു ക്ഷണം ലഭിച്ചിട്ടുണ്ട്.
വയനാട്ടില്‍നിന്നു ശേഖരിച്ച മുളകള്‍ ഉപയോഗിച്ചാണ് വാദ്യോപകരണങ്ങള്‍ നിര്‍മിച്ചതെന്ന് സുജില്‍കുമാര്‍ പറഞ്ഞു. ലോഹനിര്‍മിത ടൈമറിന്റെ അതേ സംഗിതം പൊഴിക്കുന്ന ഉപകരണം നിര്‍മിക്കാനുളള പരിശ്രമത്തിലാണ് വയലിയിലെ കലാകാരന്മാരെന്ന് അദ്ദേഹം വെളിപ്പെടുത്തി. ശരാശരി അഞ്ച് മിനിറ്റാണ് സംഗീതപരിപാടിയില്‍ വായിക്കുന്ന ഒരു ഗാനത്തിന്റെ ദൈര്‍ഘ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: