അടിമാലി: കാട്ടാനയെ തുരത്തുന്നതിനിടെ വനംവകുപ്പിലെ ത്വരിതകര്‍മ്മ സേനാ അംഗത്തിന്റെ കയ്യിലിരുന്ന പടക്കം പൊട്ടി പരിക്കേറ്റു.
പീരുമേട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനംവകുപ്പ് ത്വരിത കര്‍മ്മ സേനാ അംഗമായ പീരുമേട് പമ്പാവാടി വെള്ളയാട്ട് സില്‍ബിന്‍ മോന്‍(47) ന്റെ ഇടതു കൈക്കാണ് പരിക്കേറ്റത്.
ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ മൂന്നാര്‍ റേഞ്ചിന് കീഴില്‍പ്പെട്ട ബൈസണ്‍വാലിയിലാണ് സംഭവം. ബൈസണ്‍വാലി മേഖലയില്‍ ഏതാനും ദിവസങ്ങളായി കാട്ടാനയുടെ ശല്യം കൂടുതലാണ്. ഇതിനാല്‍ ഇവയെ തുരത്തുന്നതിനായി പീരുമേട്ടില്‍ നിന്നും ത്വരിത കര്‍മ്മ സേനയെ വിളിച്ച് വരുത്തി.
ഇന്നലെ ഉച്ചയോടെ കാട്ടാനയെ പടക്കം എറിഞ്ഞ് വനത്തിലേക്ക് ഓടിക്കുന്നതിനിടെ സില്‍ബിന്റെ കൈയ്യില്‍ ഇരുന്ന് പടക്കം പൊട്ടുകയായിരുന്നു. ഇടതുകൈ ഭാഗീഗമായി തകര്‍ന്നു.
ഇതിനാല്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റ് വനപാലകര്‍ക്കാര്‍ക്കും പരിക്കില്ല. ഏതാനും നാളുകളായി ഹൈറേഞ്ചിന്റെ പ്രധാന ജനവാസ മേഖലയില്‍ പോലും കാട്ടാനകളും മറ്റ് വന്യജീവികളും യഥേഷ്ടം എത്തുന്നുണ്ട്. വനത്തിനുള്ളില്‍ കാട്ടു തീ മൂലമാണ് ഇവ
നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.
















