മലപ്പുറം: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് കരുതലോടെയും സംയമനത്തോടെയും പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. പക്ഷപാതവും അനാസ്ഥയും പോലീസിന്റെ വിശ്വാസ്യത കെടുത്തുമെന്നും കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ പറഞ്ഞു. നഷ്ടപ്പെട്ട വിശ്വാസം തിരികെ പിടിക്കാന്‍ ദുഷ്കരമാണ്. ഒന്നോ രണ്ടോ പേരുടെ അതിക്രമത്തിന്റെ മറവില്‍ ഒരു പ്രദേശത്തിനാകമാനം ദുരിതം സംഭവിച്ചതായി വിലയിരുത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. താനൂരിലും പരിസരത്തുമായി നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിച്ചതായുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ഇതു കൂടാതെ 41 പേര് ഇതു സംബന്ധിച്ച് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.
മത്സ്യതൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന തീരപ്രദേശമായതിനാല്‍ സംഘര്‍ഷങ്ങള്‍ വളരെവേഗം പടര്‍ന്നു പിടിക്കാറുണ്ടെന്ന് ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രതേ്യക കണ്ട്രോള് റൂം തുറന്നിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.
പോലീസിന്റെ ഭാഗത്ത് നിന്നും മോശപ്പെട്ട പെരുമാറ്റം ഉണ്ടായതായി പരാതിക്കാര്‍ കമ്മീഷനെ അറിയിച്ചു. മൊഴി മാറ്റാന്‍ പോലീസ് നിര്‍ബന്ധിച്ചിട്ടുണ്ട്. പ്രതികളെ രക്ഷിക്കാനും പോലീസ് ശ്രമിക്കുന്നു. നാശനഷ്ടത്തിന്റെ ലിസ്റ്റിലും തുകയിലും ക്രമക്കേട് നടന്നിട്ടുണ്ട്. അക്രമികള്‍ കാരണം ഒരു പ്രദേശമോ വീടോ ആക്രമിക്കപ്പെടുന്നത് നിയമവാഴ്ചയുള്ള സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും കമ്മീഷന് വിലയിരുത്തി. ശക്തമായ നടപടികളിലൂടെ നിയമസമാധാനം ഉറപ്പാക്കണം. നാശനഷ്ടത്തിന്റെ കണക്കില്‍ അപാകതയുണ്ടെന്ന് പരാതിയുള്ളവര്‍ക്ക് കണക്ക് പുന:പരിശോധിക്കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. കളക്ടര്‍ പരാതി പരിശോധിച്ച് നീതിബോധത്തോടെ ഉചിത നടപടികള്‍ സ്വീകരിക്കണം. പോലീസിന് സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കണം. പോലീസിനെ ആക്രമിക്കുന്നവര്‍ സ്വന്തം സുരക്ഷക്കാണ് അപകടം വരുത്തിവെക്കുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ നിയമപാലകര്‍ക്ക് അര്‍ഹമായ സമാശ്വാസ നടപടികള്‍ ആഭ്യന്തര വകുപ്പ് നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: