ബത്തേരി: ബത്തേരി കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ബാങ്കില്‍ നടന്ന മുന്‍കാല ഇടപാടുകളായി ബന്ധപ്പെട്ടാണ് പരിശോധന. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടര്‍ന്നു. ബാങ്കിന്റെ മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ.കെ. ഗോപിനാഥനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചതായി സൂചനയുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളാണ് പരിശോധിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ബാങ്കില്‍ അഴിമതിയും ക്രമക്കേടുകളും നടന്നുവെന്ന് സഹകരണ വകുപ്പ് വിവിധ സമയങ്ങളില്‍ നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഒടുവില്‍ കെ.കെ. ഗോപിനാഥന് പ്രസിഡന്റായ ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: